മായാവതിയെ ‘പിടിക്കാന്‍’ സി.ബി.ഐ . . . ബി.ജെ.പിയുടെ നീക്കം ഒരു മുഴം മുന്‍പേ !

കേന്ദ്രത്തില്‍ മോദിയുടെ രണ്ടാം ഊഴം ഉറപ്പിക്കാന്‍ സകല തന്ത്രങ്ങളും പയറ്റുന്ന ബി.ജെ.പി മായാവതിയെയും കുരുക്കുന്നു. മായാവതിയുടെ ഭരണകാലത്ത് യു.പി സര്‍ക്കാറിന്റെ കീഴിലുള്ള 21 പഞ്ചസാര മില്ലുകളുടെ വില്‍പ്പനയില്‍ ക്രമക്കേട് നടന്ന കേസില്‍ സി.ബി.ഐ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

വൈകി വന്ന ഈ നടപടി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മുന്‍നിര്‍ത്തിയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ സംശയിക്കുന്നത്. മുന്‍പ് പ്രതിമ കുംഭകോണത്തില്‍ വെട്ടിലായ ബി.എസ്.പിക്ക് സി.ബി.ഐയുടെ പുതിയ നീക്കം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

പഞ്ചസാരമില്ലുകളുടെ വില്‍പ്പനയില്‍ സര്‍ക്കാറിന് 1179 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. യു.പിയിലെ ഷുഗര്‍ കോര്‍പ്പറേഷന് കീഴിലുള്ളതാണ് ഈ മില്ലുകള്‍.ഏപ്രില്‍ 12ന് യോഗി ആദിത്യനാഥ് സര്‍ക്കാരാണ് കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐയോട് ശുപാര്‍ശ ചെയ്തിരുന്നത്.

ഇതുവരെ യു .പി സര്‍ക്കാറിലെ ഉദ്യോഗസ്ഥരെയോ രാഷ്ട്രീയക്കാരെയോ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. അതേസമയം അനധികൃതമായി മില്ലുകള്‍ സ്വന്തമാക്കിയ ഏഴു പേര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാകുറ്റം എന്നിവ ചുമത്തി പ്രതിയാക്കിയിട്ടുമുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണിപ്പോള്‍ സി.ബി.ഐ.

ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കേസില്‍ കുരുക്കുന്ന സാഹചര്യം സൃഷ്ടിക്കുക വഴി വലിയ സമ്മര്‍ദ്ദമാണ് മായാവതിക്ക് മേല്‍ ഇപ്പോള്‍ കേന്ദ്രം ചെലുത്തുന്നത്.

80 ലോകസഭ സീറ്റുകള്‍ ഉള്ള യു.പിയില്‍ എസ്.പിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന ബി.എസ്.പി 38 സീറ്റുകളിലാണ് മത്സരിക്കുന്നത്.എസ്.പി – ബി.എസ്.പി സഖ്യം അപ്രതീക്ഷിത നേട്ടം കൊയ്താല്‍ മായാവതിയെ ചൊല്‍പ്പടിയിലാക്കാനാണ് ഈ നീക്കങ്ങള്‍ എന്നാണ് സൂചന.

അധികാരമേറ്റെടുത്ത് ഇതുവരെ പ്രഖ്യാപിക്കാത്ത സി.ബി.ഐ അന്വേഷണം തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ശേഷം പ്രഖ്യാപിച്ചത് ബി.എസ്.പി നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്.

2010 – 11 കാലഘട്ടത്തിലാണ് പഞ്ചസാരമില്ലുകളുടെ വില്‍പ്പന നടന്നിരുന്നത്. ഇതില്‍ ഏഴ് മില്ലുകള്‍ സ്വന്തമാക്കിയത് വ്യാജരേഖ ഉപയോഗിച്ചാണെന്ന് ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ലഭിക്കേണ്ടിയിരുന്നതിനേക്കാള്‍ വളരെ കുറഞ്ഞ വിലക്കാണ് മില്ലുകള്‍ വിറ്റതെന്നാണ് പ്രധാന ആരോപണം.

500 ഹെക്ടര്‍ ഭൂമിയില്‍ നിര്‍മ്മിച്ചിട്ടുള്ള മില്ലുകളുടെ നിലവിലെ വില 2000 കോടിയാണെന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. കുരുക്ക് മുറുകിയാല്‍ മായാവതിയും ബി.എസ്.പി നേതാക്കളും പ്രതിരോധത്തിലാകും.

മുന്‍പ് 100 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് മായാവതിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേത്രത്തിന്റെ വസതിയടക്കം ലക്‌നൗവിലും ഡല്‍ഹിയിലുമായി 12 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

മായാവതി യുപി മുഖ്യമന്ത്രിയായിരുന്ന 5 വര്‍ഷവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു നേത്രം. കൃഷി, എക്‌സൈസ്, കരിമ്പ്, ഭക്ഷ്യസിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലും ഇതേ പദവി വഹിച്ചിട്ടുണ്ട്. മായാവതിയുമായി വളരെ അടുപ്പമുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണിദ്ദേഹം.

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് മാറ്റിനിര്‍ത്തപ്പെട്ട നേത്രം 2014 ല്‍ അഡ്മിനിസ്‌ട്രേഷന്‍ അക്കാദമി ഡയറക്ടര്‍ ജനറലായാണ് വിരമിച്ചിരുന്നത്.

അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ വീട്ടിലും അടുത്തയിടെ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

കേന്ദ്രത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും രാഷ്ട്രപതി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ മോദിയെ ക്ഷണിക്കുകയും ചെയ്താല്‍ മായാവതിക്കും ഇനി കൂട് മാറേണ്ടി വരും. അത് അവരെ സംബന്ധിച്ച് നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. ഇതെല്ലാം മുന്‍ കൂട്ടി കണ്ട് തന്നെയാണ് ബി.ജെ.പിയുടെയും കരുനീക്കങ്ങള്‍.ശാരദ ചിട്ടി കേസ് തലക്കു മുകളില്‍ വാളായി നില്‍ക്കുന്നതിനാല്‍ മമത പോലും ബി.ജെ.പി ഒറ്റ കക്ഷിയായാല്‍ പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രത്യേകിച്ച് പ്രാദേശിക പാര്‍ട്ടികള്‍ക്ക് കേന്ദ്രഭരണത്തിന്റെ ഭാഗമാകുക, സ്വയം സുരക്ഷിതരാവുക എന്നത് മാത്രമാണ് ലക്ഷ്യം, അത് മോദിയായാലും രാഹുല്‍ ഗാന്ധി ആയാലും രാഷ്ട്രപതി ആദ്യം ക്ഷണിക്കുന്നവര്‍ക്കൊപ്പം തന്നെ അവരില്‍ ഭൂരിപക്ഷവും നില്‍ക്കാനാണ് സാധ്യത.

Express Kerala View

Top