രാജ്യസഭാംഗത്വം രാജിവച്ച മായാവതി ലോക്‌സഭയിലേക്കു മല്‍സരിച്ചേക്കുമെന്നു സൂചന

ലഖ്‌നൗ: രാജ്യസഭാ എം പി സ്ഥാനം രാജിവച്ച ബിഎസ്പി നേതാവ് മായാവതി ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്കു മല്‍സരിച്ചേക്കുമെന്നു സൂചന.

അലഹബാദ് ജില്ലയിലെ ഫുല്‍പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന കേശവ് മൗര്യ ഉപമുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണ് ഇവിടെ ഒഴിവുവന്നത്.

ഘോരക്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ആ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുമെങ്കിലും അവിടെ ബിഎസ്പിക്കു പ്രതീക്ഷകുറവാണ്.

എന്നാല്‍ ഫുല്‍പൂരില്‍ പാര്‍ട്ടിക്കു കാര്യമായ സ്വാധീനമുള്ളതിനാലാണ് അവിടെ മല്‍സരിക്കാന്‍ മായാവതി ശ്രമിക്കുന്നത്. ഫുല്‍പൂരില്‍ മായാവതി എസ്പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാവും മല്‍സരിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ വരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എസ്പിയും ബിഎസ്പിയും അടങ്ങുന്ന വിശാലസഖ്യത്തിന്റെ ആദ്യ പരീക്ഷണം കൂടിയാവും ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പ്.

മായാവതിയുടെ രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി സ്വീകരിച്ചിട്ടില്ലെങ്കിലും അവര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

Top