സമാജ് വാദി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ബിജെപിക്കും വോട്ട് ചെയ്യുമെന്ന് മായാവതി

MAYAVATHY

ലഖ്നൗ: എം.എല്‍.സി. തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ എല്ലാ ശക്തിയും ഉപയോഗപ്പെടുത്തുമെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി. വേണ്ടി വന്നാല്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞു.

വിമത ബി.എസ്.പി. എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വിമത നീക്കം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുമായി കൈകോര്‍ക്കാന്‍ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. ആഴത്തില്‍ ചിന്തിക്കാതെ എടുത്ത തീരുമാനമായിരുന്നു അത്. സഖ്യത്തിലായിരുന്നപ്പോള്‍ ബി.എസ്.പി. നന്നായി പ്രവര്‍ത്തിച്ചു. സഖ്യം തുടങ്ങിയ ആദ്യ ദിവസം തന്നെ എസ്.പി. അധ്യക്ഷന്‍ 1995-ലെ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. കേസില്‍ നിന്ന് പിന്നോട്ട് പോയതിലൂടെ ഞങ്ങള്‍ വലിയ തെറ്റ് ചെയ്തുവെന്ന് മനസ്സിലാക്കിയെന്നും മായാവതി പറഞ്ഞു

വര്‍ഗീയ ശക്തികളോട് പോരാടാനാണ് ഞങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യമുണ്ടാക്കിയത്. എന്നാല്‍ എസ്.പിയിലെ കുടുംബപോരിനെ തുടര്‍ന്ന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിന് ശേഷം അവര്‍ ഞങ്ങളുമായുള്ള ആശയവിനിമയം നിര്‍ത്തി.’ ഇതാണ് തങ്ങള്‍ സഖ്യം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

Top