ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമെന്ന് മായാവതി

bsp-leader-mayavathi

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമെന്ന് ബി.എസ്.പി നേതാവ് മായാവതി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖം താനാണെന്ന വാദത്തില്‍ നിന്ന് പ്രിയങ്ക ഗാന്ധി പിന്‍മാറിയതിന് പിന്നാലെയാണ് ബി.എസ്.പി അധ്യക്ഷയുടെ വിമര്‍ശനം. യു.പിയുടെ വികസനത്തിനായി ബി.എസ്.പിക്ക് വോട്ട് ചെയ്യണം. കോണ്‍ഗ്രസിന് വോട്ട് നല്‍കി വോട്ട് പാഴാക്കരുതെന്നും മായാവതി ആവശ്യപ്പെട്ടു.

യു.പിയില്‍ കോണ്‍ഗ്രസിനെപ്പോലുള്ള പാര്‍ട്ടികള്‍ വോട്ട് ഭിന്നിപ്പിക്കുകയാണെന്നും മായാവതി വിമര്‍ശിച്ചു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി ജനതാല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് അനിവാര്യമാണ്. ഈ ലിസ്റ്റില്‍ ബി.എസ്.പിയാണ് ഒന്നാം നമ്പറെന്നും മായാവതി അവകാശപ്പെട്ടു.

മായാവതി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാത്തതിനെ ബി.ജെ.പിയുടെ സമ്മര്‍ദവുമായി ബന്ധപ്പെടുത്തി പ്രിയങ്ക ഗാന്ധി പരാമര്‍ശം നടത്തിയിരുന്നു ‘ആറോ ഏഴോ മാസം മുന്‍പ് ഞങ്ങള്‍ കരുതിയത് അവരും അവരുടെ പാര്‍ട്ടിയും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സജീവമാകുമെന്നാണ്. പക്ഷേ ഞങ്ങള്‍ക്ക് ആശ്ചര്യം തോന്നുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ചൂടിനിടയിലും അവര്‍ സജീവമല്ല.

ഒരുപക്ഷേ ബി.ജെ.പി സര്‍ക്കാരിന്റെ സമ്മര്‍ദമായിരിക്കാം കാരണം’. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 312 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 403 അംഗ നിയമസഭയാണ് യു.പിയിലേത്. ബി.എസ്.പിക്ക് 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എസ്പികോണ്‍ഗ്രസ് സഖ്യത്തിന് 54 മണ്ഡലങ്ങളിലേ ജയിക്കാനായുള്ളൂ.

Top