രാഷ്ട്രപതി സ്ഥാനം ഏത് പാര്‍ട്ടി വാഗ്ദാനം ചെയ്താലും താനത് സ്വീകരിക്കില്ലെന്ന് മായാവതി

ലഖ്‌നൗ: രാഷ്ട്രപതി സ്ഥാനം ഏത് പാര്‍ട്ടി വാഗ്ദാനം ചെയ്താലും താനത് സ്വീകരിക്കില്ലെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തന്നെ രാഷ്ട്രപതിയാക്കുമെന്ന് ബിജെപിയും ആര്‍എസ്എസും തെറ്റായ പ്രചരണം നടത്തുകയാണെന്ന് മായാവതി കുറ്റപ്പെടുത്തി.

‘എങ്ങനെയാണ് ഞാന്‍ അത്തരമൊരു വാഗ്ദാനം സ്വീകരിക്കുക. അത് ഞങ്ങളുടെ പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന് ഞങ്ങള്‍ക്കറിയാം. അത് കൊണ്ട് എല്ലാ ബിഎസ്പി ഭാരവാഹികളോടും എനിക്ക് വ്യക്തമാക്കാനുള്ളത്, ബിജെപിയുടെയോ മറ്റേതെങ്കിലും പാര്‍ട്ടിയുടേയോ രാഷ്ട്രപതിയാവാനുള്ള വാഗ്ദാനം ഞാന്‍ സ്വീകരിക്കുകയില്ല’, മായാവതി പറഞ്ഞു.

‘ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഗൂഢാലോചന നടത്തി വളരെ വിദഗ്ധമായി ആര്‍എസ്എസ് മുഖേന കുപ്രചരണം നടത്തുകയായിരുന്നു. ബിഎസ്പി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ വരാതിരിക്കുകയാണെങ്കില്‍ മായാവതിയെ രാഷ്ട്രപതിയാക്കുമെന്നായിരുന്നു ആ കുപ്രചരണം. അത് കൊണ്ട് നിങ്ങള്‍ ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു’, മായാവതി പറഞ്ഞു.

Top