വോട്ടിംഗ് യന്ത്രങ്ങള്‍ പിന്‍വലിച്ചാല്‍ ബിജെപി ഒരിക്കലും അധികാരത്തിലെത്തില്ലെന്ന് മായാവതി

MAYAVATHY

ന്യൂഡല്‍ഹി: 2019ലെ ഉത്തര്‍പ്രദേശ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ ബി.എസ്.പി പൂര്‍ണജയം നേടുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.

ബി.ജെ.പിക്കാര്‍ സത്യസന്ധരും ജനാധിപത്യത്തില്‍ വിശ്വാസിക്കുന്നവരുമാണെങ്കില്‍ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ പിന്‍വലിച്ച് ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്നും, ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബി.ജെ.പിക്ക് ഉറപ്പുണ്ടെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് നടപ്പിലാക്കണമെന്നും, അങ്ങനെയാണെങ്കില്‍ ബി.ജെ.പി ഇനി ഒരിക്കലും അധികാരത്തിലെത്തില്ലെന്ന് തനിക്കുറപ്പുണ്ടെന്നും മായാവതി പറഞ്ഞു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്നാലെ രണ്ടാം സ്ഥാനത്തെത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മായാവതി.

ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പി ജയിച്ചത് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തിയാണെന്നാണ് ബി.എസ്.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

16 കോര്‍പ്പറേഷനുകളില്‍ 14 ഉം തൂത്ത് വാരിയാണ് തകര്‍പ്പന്‍ വിജയം ബി.ജെ.പി കരസ്ഥമാക്കിയത്.

വരാണസി, ഗൊരഖ്പുര്‍, ഗാസിയാബാദ്, ബറെയ്‌ലി, ആഗ്ര, ഫിറോസാബാദ്, ആയോധ്യ, മഥുര, ലക്‌നൗ, കാണ്‍പുര്‍,സഹറന്‍പുര്‍, ഝാന്‍സി, മൊറാദാബാദ്, അലഹബാദ് എന്നിവിടങ്ങളില്‍ ബി.ജെ.പി വിജയിച്ചു.

മീറ്ററ്, അലിഗഡ് എന്നീ കോര്‍പ്പറേഷനുകള്‍ മായാവതിയുടെ ബി.എസ്.പിയും നേടി.

Top