വാര്‍ധക്യം തളര്‍ത്തുന്നതുവരെ ബിഎസ്പി അധ്യക്ഷയായി തുടരും: മായാവതി

ലഖ്‌നൗ: വാര്‍ധക്യം തളര്‍ത്തുന്നതുവരെ താന്‍ തന്നെ ബി.എസ്.പി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് മായാവതി. സമീപകാലത്തെങ്ങും ആരും തന്നെ ബിഎസ്പി അധ്യക്ഷ സ്ഥാനം സ്വപ്നം കാണേണ്ടെന്നും മായാവതി പറഞ്ഞു. അടുത്ത 20 വര്‍ഷത്തേക്ക് താന്‍ തന്നെയായിരിക്കും പ്രസിഡന്റെന്നും മായാവതി പ്രഖ്യാപിച്ചു. പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയതായും മായാവതി പറഞ്ഞു. ലഖ്‌നൗവില്‍ പാര്‍ട്ടി ദേശീയ നേതാക്കള്‍ പങ്കെടുത്ത യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മായാവതി.

നിലവിലെ പ്രസിഡന്റിന് വാര്‍ധക്യം മൂലം പുറത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുമ്പോഴേ പുതിയ പ്രസിഡന്റിനെ നിയമിക്കുകയുള്ളു. സ്ഥാനമൊഴിയുന്ന പാര്‍ട്ടി അധ്യക്ഷന്റെ ഉപദേശപ്രകാരമേ പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാവൂ എന്നീ ചട്ടങ്ങളാണ് ഭേദഗതിയിലൂടെ കൊണ്ടുവന്നത്.

സ്വജനപക്ഷപാതം തടയാന്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്ത മായാവതി, തന്റെ ഇളയ സഹോദരന്‍ ആനന്ദ് കുമാറിനെ വൈസ് പ്രസിഡന്റായി നിയമിച്ചതിന് പഴി കേട്ടിരുന്നു.

Top