പ്രതിപക്ഷ ഐക്യമല്ല, അതിനുമപ്പുറം ഇടതിനൊപ്പം മൂന്നാംമുന്നണിയുമായി മായാവതി

ലക്നൗ:നടക്കാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ മൂന്നാം മുന്നണി നീക്കവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. രാജസ്ഥാനില്‍ എസ്.പിയെയും ഇടത് പാര്‍ട്ടികളെയും കൂട്ടു പിടിച്ച് മായാവതി സഖ്യത്തിനൊരുങ്ങുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഇടത് പാര്‍ട്ടികളും ജെ.ഡി.എസും എസ്.പിയും ചേര്‍ന്ന് മൂന്നാംമുന്നണി രൂപീകരിച്ചിട്ടുണ്ട്. ബി.എസ്.പി ഒപ്പം ചേരുന്നതില്‍ സന്തോഷമേയുള്ളൂ. ബി.എസ്.പി നേതൃത്വവുമായി നല്ല ബന്ധമാണ് ഞങ്ങള്‍ പുലര്‍ത്തുന്നത്.’ സി.പി.ഐ ദേശീയ നേതാവ് അതുല്‍ കുമാര്‍ അഞ്ചന്‍ പറഞ്ഞു.

അതേസമയം, ബി.എസ്.പി കോണ്‍ഗ്രസുമായും സീറ്റ് വിഭജനചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചര്‍ച്ചകള്‍ സമവായത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മായാവതി ഹൈക്കമാന്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനനേതൃത്വം മൂന്നാം ബദലിനായാണ് നിലകൊള്ളുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ ഛത്തീസ്ഗഢില്‍ മായാവതി അജിത് ജോഗിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ബി.എസ്.പി 35 സീറ്റുകളിലും അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് 55 സീറ്റുകളിലും മത്സരിക്കുമെന്ന് മായാവതി അറിയിച്ചു. സഖ്യം ജയിച്ചാല്‍ അജിത് ജോഗിയാവും മുഖ്യമന്ത്രിയെന്നും മായാവതി പറഞ്ഞു.

കോണ്‍ഗ്രസ്, ബി.എസ്.പിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബി.എസ്.പി ആവശ്യപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ല. ഏഴുമുതല്‍ ഒമ്പത് സീറ്റുകള്‍ വരെ നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. 90 സീറ്റുകളാണ് ഛത്തീസ്ഗഢ് അസംബ്ലിയിലുള്ളത്.

ഇതേ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസുകാരനായ അജിത് ജോഗിയുമായി ബി.എസ്.പി സഖ്യം രൂപീകരിക്കുന്നത്. ബി.എസ്.പിക്ക് അര്‍ഹമായ സീറ്റുകള്‍ നല്‍കുന്ന പാര്‍ട്ടികളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്ന് മായാവതി നേരത്തെ പറഞ്ഞിരുന്നു.

Top