May Rajanikant meet his fan Pinarayi Vijayan ?

ചെന്നൈ: തന്റെ ആരാധകനായ കേരള മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചാല്‍ കേരളത്തില്‍ വരുമെന്ന് നടന്‍ രജനികാന്ത് !

രാജ്യത്തിനകത്തും പുറത്തും കോടിക്കണക്കിന് ആരാധകരുള്ള സ്‌റ്റൈല്‍ മന്നന് മലേഷ്യന്‍ ഭരണാധികാരികളടക്കം നിരവധിപ്പേര്‍ നിലവില്‍ ആരാധകരാണ്. ജപ്പാനിലടക്കം സൂപ്പര്‍സ്റ്റാര്‍ പരിവേഷമാണ് ആരാധകര്‍ രജനിക്ക് ചാര്‍ത്തി കൊടുത്തിരിക്കുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേ കേരളത്തിനകത്ത് മാത്രമല്ല പുറത്തും കര്‍ക്കശക്കാരനായ… വിട്ടുവീഴ്ചയില്ലാത്ത… കമ്മ്യൂണിസ്റ്റ് നേതാവായാണ് അറിയപ്പെടുന്നത്.

രജനികാന്തിന്റെ പടങ്ങളാണ് തിരക്കിനിടയിലും താന്‍ ആസ്വദിക്കാറുള്ളതെന്ന് പിണറായി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

അച്ഛന്‍ രജനിയുടെ ആരാധകനാണെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മകള്‍ വീണയും പറഞ്ഞിരുന്നു. തമിഴ് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയുമായിരുന്നു. ഇതോടെയാണ് അയല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി തന്റെ ആരാധകനാണെന്ന് രജനിയും അറിഞ്ഞതത്രെ.

കേരളത്തില്‍ ഏതെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട് വരേണ്ട സാഹചര്യമുണ്ടായാല്‍ തീര്‍ച്ചയായും മുഖ്യമന്ത്രി പിണറായിയെ രജനി കാണുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

താരാരാധന മനസ്സിലുണ്ടെങ്കിലും അങ്ങോട്ട് ചെന്ന് പ്രകടിപ്പിക്കുന്ന ശീലം പിണറായിക്കില്ലാത്തതിനാല്‍ രജനിയുടെ കേരള സന്ദര്‍ശനം സാധ്യമായാല്‍ അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങും.

65 വയസ്സായ രജനികാന്ത് തന്നെയാണ് തമിഴകത്തെ ഒരേയൊരു സൂപ്പര്‍ സ്റ്റാര്‍. പിന്‍ഗാമിയാകാന്‍ നടന്‍ വിജയ്‌യും അജിത്തുമെല്ലാം ശക്തമായ് രംഗത്തുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും സൂപ്പര്‍ സ്റ്റാര്‍ പട്ടം ഇതുവരെ തമിഴക മനസ്സ് ചാര്‍ത്തി നല്‍കിയിട്ടില്ല.

ഏറ്റവും പുതിയ ചിത്രമായ കബാലിയുടെ ടീസര്‍ 2 കോടി പേരാണ് ഇതിനകം കണ്ട് കഴിഞ്ഞത്. ഇത് ലോക സിനിമയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

സാധാരണ ഒരു ബസ് കണ്ടക്ടറായി ജീവിതമാരംഭിച്ച രജനിയെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ കെ ബാലചന്ദറാണ് സിനിമയില്‍ പരിചയപ്പെടുന്നത്.

എളിമയും, സാധാരണ ജനങ്ങളുടെ ജീവിതം പറയുന്ന സിനിമയുമാണ് രജനിയെ ജനമനസ്സില്‍ പ്രതിഷ്ഠിച്ചത്.

രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴകത്ത് രജനി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വര്‍ഷങ്ങളായി അഭ്യൂഹം ഉണ്ടെങ്കിലും ‘തന്റെ വഴി തനി വഴി’ എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് രജനി.

മുഖ്യമന്ത്രി ജയലളിത താമസിക്കുന്ന പൊയസ് ഗാര്‍ഡനില്‍ തന്നെ താമസിക്കുന്ന രജനിയും ജയലളിതയും തമ്മില്‍ മുന്‍പ് ശക്തമായ ഭിന്നത നിലനിന്നിരുന്നു.

ഒരിക്കല്‍ തിരക്കിട്ട് പുറത്ത് പോവേണ്ടിയിരുന്ന രജനിക്ക് ജയലളിതയുടെ സെക്യൂരിറ്റി സ്റ്റാഫുകള്‍ റെഡ് സിഗ്‌നല്‍ കാട്ടിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തന്നെ തടഞ്ഞ നടപടിയില്‍ പ്രകോപിതനായ രജനി കാറില്‍ നിന്ന് പുറത്തിറങ്ങി കാറിന്റെ ബോണറ്റില്‍ കയറി ഇരുന്നതോടെ വന്‍ തോതില്‍ ജനങ്ങള്‍ തടിച്ചുകൂടുകയായിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ രജനിയെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലായി സെക്യൂരിറ്റി ഓഫീസര്‍മാര്‍.

രജനി പോയതിന് ശേഷം മാത്രമേ അന്ന് മുഖ്യമന്ത്രിക്ക് പുറപ്പെടാന്‍ കഴിഞ്ഞിരുന്നൊള്ളൂ. അതാണ് തമിഴകത്തിന്റെ സ്വന്തം സ്‌റ്റൈല്‍ മന്നന്റെ കരുത്ത്.

Top