വ്യത്യസ്ത റോളില്‍ പന്തിനെ ഉപയോഗിക്കാന്‍ തീരുമാനം എടുത്തേക്കും:റിക്കി പോണ്ടിംഗ്

ഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് കായികക്ഷമത വീണ്ടെടുത്തു. ദേശീയ ക്രിക്കറ്റ് അക്കാദമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പില്‍ താരം തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെ പന്തിന്റെ റോള്‍ അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗ്.

പരിശീലന മത്സരങ്ങളിലെ മികവ് പന്തിന് ബാറ്റിംഗില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിക്കുന്നില്ല. എങ്കിലും ഈ വര്‍ഷത്തെ ഐപിഎല്ലിന് തയ്യാറെടുക്കാന്‍ ആവശ്യമായ സമയം പന്തിന് ലഭിച്ചിട്ടില്ല. ഒരു വര്‍ഷത്തോളം താരത്തിന് ക്രിക്കറ്റ് നഷ്ടമായത് വലിയ നഷ്ടമാണ്. പന്ത് മികച്ച രീതിയില്‍ തിരിച്ചുവരുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പോണ്ടിംഗ് വ്യക്തമാക്കി.

പന്ത് ശാരീരികക്ഷമത വീണ്ടെടുത്തുവെങ്കിലും നേരിട്ട് നായക പദവി നല്‍കുന്നത് വലിയ തീരുമാനമാണ്. ഇക്കാര്യത്തില്‍ ഡല്‍ഹി മാനേജ്‌മെന്റ് ഒരു തീരുമാനം എടുക്കും. ഇത്തവണ ഒരു വ്യത്യസ്ത റോളില്‍ പന്തിനെ ഉപയോഗിക്കാന്‍ തീരുമാനം എടുത്തേക്കും. കഴിഞ്ഞ രണ്ടാഴ്ച പന്ത് ചില പരിശീലന മത്സരങ്ങളില്‍ പങ്കെടുത്തു. അത് ഡല്‍ഹി ക്യാപിറ്റല്‍സിന് ആവേശം നല്‍കുന്നതാണെന്നും പോണ്ടിംഗ് പറഞ്ഞു.

Top