മെയ് 23ന് എന്‍ഇഎഫ്ടി ഇടപാടുകള്‍ 14 മണിക്കൂറോളം മുടങ്ങുമെന്ന് ആര്‍ബിഐ

മുംബൈ: ഓണ്‍ലൈന്‍ പണമിടപാട് സങ്കേതമായ നാഷനല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) മേയ് 23ന് 14 മണിക്കൂറോളം മുടങ്ങുമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മേയ് 22ന് ബിസിനസ് അവസാനിച്ചശേഷം സാങ്കേതിക നവീകരണം നടക്കുന്നതിനാലാണു പിറ്റേന്നു തടസ്സം നേരിടുകയെന്ന് ആര്‍ബിഐ അറിയിച്ചു.

മെയ് 23 ഞായറാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെ എന്‍ഇഎഫ്ടി സേവനം ലഭ്യമാകില്ല. ചിലപ്പോള്‍ സമയം നീണ്ടേക്കാം. എന്നാല്‍, ഈ സമയത്തും റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സൗകര്യം പതിവുപോലെ തുടരും. ആര്‍ടിജിഎസില്‍ സമാനമായ സാങ്കേതിക നവീകരണം ഏപ്രില്‍ 18ന് പൂര്‍ത്തിയായിരുന്നു.

ഏപ്രിലില്‍ എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ബാങ്ക് ഇതര പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്കും അനുമതി നല്‍കിയതിന്റെ തുടര്‍ച്ചയാണു സാങ്കേതിക നവീകരണം. ‘യുപിഐ ഇടപാടുകളുടെ വിജയത്തിനു ശേഷമുള്ള ഈ തീരുമാനം പുതിയ അവസരമാണ്.

ഉപഭോക്തൃ ഇടപാടുകള്‍ വര്‍ധിപ്പിക്കാനും കഴിഞ്ഞ വര്‍ഷത്തെ നഷ്ടത്തില്‍നിന്നു കരകയറാനും കമ്പനികളെ സഹായിക്കും’ മണിടാപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ പറഞ്ഞു.

 

Top