രഹസ്യാന്വേഷണത്തില്‍ ഞെട്ടി സി.പി.എം; അലനും താഹയും ഇനി പാര്‍ട്ടിക്ക് പുറത്ത്?

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ സി.പി.എം ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത്. പാര്‍ട്ടി നടത്തിയ രഹസ്യ അന്വേഷണത്തില്‍ യുവാക്കള്‍ മാവോവാദികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടിക്ക് ഒരുങ്ങുന്നത്.

മാത്രമല്ല ഇവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പാര്‍ട്ടിക്ക് കിട്ടിയിരിക്കുന്നത്. തുടര്‍ന്ന് ഇനിയും ആരെങ്കിലും മാവോയിസത്തില്‍ വിശ്വസിക്കുന്നവരാണോ എന്ന് പരിശോധിക്കാനും പാര്‍ട്ടി ഒരുങ്ങുകയാണ്. എന്നാല്‍ മറ്റാരൊക്കയോ ഈ ആശയത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് പ്രാഥമികമായി ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുന്‍കരുതലുകളും എടുക്കും. വഴിതെറ്റിയ സഖാക്കളെ പാര്‍ട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തും.

ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയും പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവരാണ്. എന്നാല്‍ ഒരിക്കല്‍ പോലും അവരുടെ ആശയങ്ങള്‍ മാവോയിസത്തെ പിന്തുണയ്ക്കുന്നതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് പാര്‍ട്ടിയുടെ വലിയ വീഴ്ചയാണ് എന്നാണ് വിലയിരുത്തല്‍. മാവോവാദത്തിനു മറയായി സി.പി.എം ബന്ധം ഇവര്‍ ദുരുപയോഗം ചെയ്തതായും പാര്‍ട്ടി കണ്ടെത്തി.

വസ്തുതകള്‍ ബോധ്യപ്പെടുന്നതിനു മുന്‍പ് പി.ബി അംഗമായ എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക്കും ഈ വിഷയത്തില്‍ ഇടപെട്ടതിനെതിരെ സി.പി.എമ്മില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായി എന്നാണാക്ഷേപം.

Top