സ്വന്തം കസേരയുടെ പരിമിതി എന്താണ് ? ആദ്യം ചീഫ് സെക്രട്ടറി അതു പഠിക്കണം

കേരളത്തിന്റെ മുഖ്യമന്ത്രി ചമയാന്‍ ഒരിക്കലും ചീഫ് സെക്രട്ടറി ടോം ജോസ് മെനക്കെടരുത്.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഒരു പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അത് ചീഫ് സെക്രട്ടറിക്കും ബാധകമാണ്. മാവോവാദികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ കുറിച്ച് നിലപാട് വ്യക്തമാക്കേണ്ടത് ഇടതുപക്ഷ സര്‍ക്കാറാണ്. അല്ലാതെ ചീഫ് സെക്രട്ടറിയല്ല.

നിയമസഭ സമ്മേളനം നടക്കുമ്പോള്‍ തന്നെ ചീഫ് സെക്രട്ടറി പെരുമാറ്റച്ചട്ടം ലംഘിച്ചത് ഗൗരവമായി കാണാന്‍ സര്‍ക്കാരും തയ്യാറാകണം.ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ വെടിവയ്പ്പ് സംബന്ധിച്ച യാഥാര്‍ത്ഥ്യം വ്യക്തമാവുകയൊള്ളൂ. പൊലീസ് ഭാഷ്യം അതെന്തായാലും അതുപോലെ വിശ്വസിക്കാന്‍ കഴിയുന്നതല്ല.

മാവോവാദികളെല്ലാം വെടിവെച്ച് കൊല്ലപ്പെടേണ്ടവരാണ് എന്ന മാനസികാവസ്ഥ ഒരു ചീഫ് സെക്രട്ടറിക്കുമുണ്ടാവാന്‍ പാടില്ല. മാവോവാദികളെ തിരുത്തി മുഖ്യധാരയിലേക്ക് കൊണ്ടു വരികയാണ് ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ സി.പി.ഐക്ക് മാത്രമല്ല, സി.പി.എം കേന്ദ്ര കമ്മറ്റിക്കും സമാന അഭിപ്രായമാണുള്ളത്.

നേപ്പാളിലെ പോലെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലിറങ്ങി കരുത്ത് കാട്ടാനാണ് മാവോയിസ്റ്റുകള്‍ തയ്യാറാവേണ്ടത്. അതിന് അവര്‍ തയ്യാറായാല്‍ രാജ്യത്തെ ഇടതുപക്ഷ ചേരിയാണ് ശക്തിപ്പെടുക.

തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്നത് പുതിയ കാലത്ത് നടപ്പുള്ള കാര്യമല്ലന്ന യാഥാര്‍ത്ഥ്യം മാവോയിസ്റ്റുകള്‍ തിരിച്ചറിയണം. അടിച്ചമര്‍ത്തല്‍ കൊണ്ട് ഒരു പ്രത്യായ ശാസ്ത്രത്തെയും തകര്‍ക്കാന്‍ കഴിയില്ലന്ന യാഥാര്‍ത്ഥ്യം പൊലീസും മനസ്സിലാക്കണം. കാടാണ്, എന്ത് ചെയ്താലും ആരും അറിയില്ലന്ന് കരുതുന്നത് തന്നെ വിഢിത്തരമാണ്.

രാജന്‍ കേസ് മുതല്‍ നല്ല തിരക്കഥകള്‍ രചിക്കാനുള്ള കാക്കിയുടെ കഴിവ് ഈ കേരളം കണ്ടതാണ്. പൊലീസ് പറയുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്നവരല്ല ഇവിടുത്തെ ജനങ്ങള്‍. അക്കാര്യം ഓര്‍ത്തിട്ടു വേണം തിരക്കഥകള്‍ രചിക്കുവാന്‍.പൊലീസിന്റെ അപക്വമായ പെരുമാറ്റമാണ് ഇവിടെ സര്‍ക്കാറിനെ പോലും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

വാളയാര്‍ കേസായാലും അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയായാലും കോഴിക്കോട്ടെ യു.എ.പി.എ ആയാലും വലിയ പിഴവാണ് പൊലീസിന് സംഭവിച്ചിരിക്കുന്നത്. പൊലീസ് തലപ്പത്തെ ഈ വീഴ്ചകള്‍ക്കാണ് സര്‍ക്കാറും ഇപ്പോള്‍ മറുപടി പറയേണ്ടി വന്നിരിക്കുന്നത്.

ഭരിക്കുന്ന സര്‍ക്കാറിന്റെ നയം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് യു.എ.പി.എ പോലുള്ള കരിനിയമം ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പൊലീസിനെ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാനാണ് പ്രതിപക്ഷവും തക്കം പാര്‍ത്തിരിക്കുന്നത്. അതാണിപ്പോള്‍ ഇവിടെ നടക്കുന്ന രാഷ്ട്രീയം.

യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നത് തന്നെ സി.പി.എം ഇടപെടലിനെ തുടര്‍ന്നാണ്. പരിമിതിക്കുള്ളില്‍ നിന്നുള്ള സഹായഹസ്തമാണിത്. യു.എ.പി.എ ചുമത്തിയത് പിന്‍വലിക്കണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടു കഴിഞ്ഞു.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.

മാവോയിസം പഠിച്ചു എന്നത് കൊണ്ട് മാത്രം ആര്‍ക്കെതിരെയും യു.എ.പി.എ ചുമത്താന്‍ കഴിയുകയില്ല.

താഹ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് തന്നെ തെറ്റാണ്. ഇതു സംബന്ധമായ പൊലീസ് ന്യായീകരണം സാമാന്യ യുക്തിക്ക് തന്നെ നിരക്കാത്തതാണ്. എഫ്.ഐ.ആറില്‍ പൊലീസ് എഴുതി പിടിപ്പിച്ചതൊന്നും വിശ്വാസയോഗ്യമല്ല. പൊലീസ് കസ്റ്റഡിയില്‍ പെട്ടുകഴിഞ്ഞാല്‍ തിരക്കഥ രചിക്കാന്‍ കാക്കിക്കറിയാം, അതിനവരെ പ്രത്യേകിച്ച് പഠിപ്പിക്കേണ്ട കാര്യമൊന്നുമില്ല. ഇക്കാര്യങ്ങളും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.

എന്തും വായിക്കാനും ചര്‍ച്ചകള്‍ നടത്താനും ഉള്ള സ്വാതന്ത്ര്യം ഈ രാജ്യത്തെ ഓരോ പൗരനുമുണ്ട്. അത് ഭരണഘടന നല്‍കുന്ന അവകാശമാണ്.

അറസ്റ്റിലായ രണ്ട് പേരും മാവോയിസത്തെ കുറിച്ച് പഠിക്കുന്നുണ്ടെങ്കില്‍ എന്താണ് അതില്‍ തെറ്റ് ? ഓരോ കമ്യൂണിസ്റ്റുകാരനും പഠിച്ചിരിക്കേണ്ടത് തന്നെയാണ് ആ ആശയവും. എങ്കിലേ ആ മാര്‍ഗത്തിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടാന്‍ പറ്റുകയുള്ളു.

സായുധ മാര്‍ഗ്ഗത്തിലൂടെയല്ല, ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തന്നെ വിപ്ലവം സൃഷ്ടിക്കാന്‍ ഈ നാട്ടില്‍ കഴിയും.ഇ.എം.എസ് മന്ത്രിസഭ മുന്‍പ് അത് തെളിയിച്ചതുമാണ്. സായുധ പോരാട്ടത്തിലൂടെ വിവിധ രാജ്യങ്ങളില്‍ അധികാരം പിടിച്ച കമ്യൂണിസ്റ്റുകളെ പോലും അത്ഭുതപ്പെടുത്തിയാണ്1957ല്‍ കേരളം ചുവപ്പ് ചരിത്രം രചിച്ചത്.
ആ കമ്യൂണിസ്റ്റു സര്‍ക്കാറിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ഇടതുപക്ഷ സര്‍ക്കാരും.

മാവോയിസത്തെ കുറിച്ച് മനസ്സിലാക്കുന്നവരെല്ലാം മാവോയിസ്റ്റുകളാണ് എന്ന ചിന്തയാണ് ആദ്യം പൊലീസ് തിരുത്തേണ്ടത്. മാവോയിസ്റ്റുകളെ തിരുത്തി ജനാധിപത്യ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടു വരികയാണ് വേണ്ടത്.അതിനാണ് ഇടതുപക്ഷ സര്‍ക്കാറും ഇനി മുന്‍കൈ എടുക്കേണ്ടത്.

അധികാരം തോക്കിന്‍ കുഴലിലൂടെ എന്ന മുദ്യാവാക്യം ഉയര്‍ത്തി ആയുധമേന്തുന്നവരാണ് മാവോയിസ്റ്റുകള്‍. അതേസമയം ജനകീയ ജനാധിപത്യത്തിലാണ് സി.പി.എമ്മും സി.പി.ഐയും വിശ്വസിക്കുന്നത്. ഈ രണ്ട് വിഭാഗങ്ങളുടെയും ലക്ഷ്യം പക്ഷേ ഏകദേശം ഒന്ന് തന്നെയാണ്. അത് ചൂഷിതരുടെ മോചനമാണ്.

റിവിഷനിസത്തിനെതിരായ ഒരു മാര്‍ക്‌സിയന്‍ തത്വചിന്തയാണ് മാവോയിസം. ഇന്ത്യയിലെ മാവോയിസ്റ്റുകളെ സംബന്ധിച്ച് അവര്‍ പിന്തുടരുന്നത് സായുധ മാര്‍ഗ്ഗമാണ്.

സാമ്രാജ്യത്വ ശക്തികളും ദല്ലാള്‍ ബൂര്‍ഷ്യാസിയും ജന്മിത്വ ശക്തികളും ചേര്‍ന്ന ഒരു മുന്നണിയായാണ് ഇന്ത്യന്‍ ഭരണകൂടത്തെ അവര്‍ നോക്കി കാണുന്നത്. ഇതിനെതിരെ മറ്റു കമ്യൂണിസ്റ്റു പാര്‍ട്ടികളെ പോലെ ജനകീയ ജനാധിപത്യ വിപ്ലവമല്ല, സായുധ വിപ്ലവമാണ് മാവോയിസ്റ്റുകള്‍ പരിഹാരമായി കാണുന്നത്. ഈ മാര്‍ഗത്തിലാണ് അവര്‍ക്ക് പിഴച്ചിരിക്കുന്നത്. ഈ നിലപാട് തിരുത്തിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലും അതൊരു പുതിയ വസന്തത്തിന്റെ ഇടിമുഴക്കമായി മാറും.

Political Reporter

Top