കനത്ത പ്രളയത്തില്‍ വലഞ്ഞ് മൗറീഷ്യസ്

പോര്‍ട്ട് ലൂയിസ്: കനത്ത പ്രളയത്തില്‍ വലഞ്ഞ് മൗറീഷ്യസ്. ആഞ്ഞടിച്ച ബെലാല്‍ ചുഴലിക്കാറ്റ് മൗറീഷ്യസിലേക്ക് നീങ്ങിയതോടെയാണ് പ്രളയം ശക്തമായത്. ഒരറിയിപ്പുണ്ടാകുന്നത് വരെ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളം അടച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് മൗറീഷ്യസ് തീരത്തേക്ക് നീങ്ങുകയാണ്. വെള്ളപ്പൊക്കത്തില്‍ മൗറീഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട് ലൂയിസില്‍ സാരമായ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

തീരത്തേക്ക് അടുക്കുമ്പോള്‍ ബെലാല്‍ ചുഴലിക്കാറ്റ് 70 കിലോമീറ്റര്‍ വേഗതയിലേക്ക് ചുരുങ്ങുമെന്ന നിരീക്ഷണത്തിലാണ് കാലാവസ്ഥാ വകുപ്പുള്ളത്. മിക്കയിടങ്ങളിലും ശക്തമായ മഴയാണ് നേരിടുന്നത്. 1.3 മില്യണ്‍ ആളുകളാണ് മൗറീഷ്യസിലുള്ളത്. വിനോദ സഞ്ചാര മേഖലയാണ് മൗറീഷ്യസിന്റെ പ്രധാന വരുമാന മാര്‍ഗം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വലിയ കാറ്റിലും കനത്ത മഴയിലും സാരമായ നഷ്ടമാണ് മൗറീഷ്യസിനുണ്ടായത്.

നഗരത്തില്‍ നിര്‍ത്തിയിട്ട നിരവധി കാറുകളാണ് മുങ്ങിപ്പോയത്. ദ്വീപ് രാജ്യത്തിന് രൂക്ഷമായ വെല്ലുവിളി സൃഷ്ടിക്കുന്നതാവും ബെലാല്‍ എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്. ദ്വീപിലെ ബാങ്കുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അടച്ച് ജീവനക്കാരെ വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. 130 കിലോമീറ്റര്‍ വേഗതയിലാണ് ബെലാല്‍ തീരത്തേക്ക് അടുക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചതോടെ വീടുകളിലേക്ക് ഇറങ്ങിയ മിക്ക ആളുകളുടേയും കാറുകള്‍ പ്രളയത്തില്‍ മുങ്ങിയ നിലയിലായിരുന്നു.

Top