താലിബാന്റെ ഗോഡ്ഫാദര്‍ മൗലാന സമി ഉള്‍ ഹക്ക് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹക്ക് (82) വെടിയേറ്റു മരിച്ചു. അജ്ഞാതരായ അക്രമികളാണ് വെടിയുതിര്‍ത്തതെന്ന് ഹക്കിന്റെ അനുയായി യൂസഫ് ഷാ പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി. ഹഖിന്റെ വീട്ടിലെത്തിയാണ് അജഞാതസംഘം കൊലപ്പെടുത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മരണത്തില്‍ ദുരൂഹതയുള്ളതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടക്കുന്ന സമയത്ത് ഹക്കിന്റെ അംഗരക്ഷകനും ഡ്രൈവറും സ്ഥലത്തുണ്ടായിരുന്നില്ല. ഇതാണ് സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിലേക്ക് നയിക്കുന്നത്. ഇസ്ലാമാബാദിലെ വീടിനുള്ളില്‍ സംഘമെത്തി കുത്തി പരിക്കേല്‍പ്പിച്ചതിനുശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഹക്കിന്റെ മരുമകന്‍ മൊഹമ്മദ് ബിലാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള താലിബാന്‍ ഭീകരര്‍ക്കിടയില്‍ സമീഉല്‍ ഹക്കിന് സ്വാധീനമുണ്ടായിരുന്നു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ മതപാഠശാലകളിലൊന്നായ ദാറുല്‍ ഉലൂം ഹഖാനിയ മദ്രസ നടത്തിവരുകയായിരുന്നു ഹക്ക്. 1985ലും 1991ലും പാകിസ്ഥാന്‍ സെനറ്റില്‍ അംഗമായിരുന്നു സമി ഉള്‍ഹക്ക്.

Top