അരിവണ്ടി ഇന്നു മുതൽ; 10.90 രൂപ നിരക്കിൽ സ്പെഷ്യൽ അരി

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ ഇന്നുമുതൽ. അരിവണ്ടിയുടെ ഉദ്​ഘാടനം രാവിലെ 8.30ന് പാളയം മാർക്കറ്റിനു മുന്നിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജയ, കുറുവ, മട്ട, പച്ചരി ഇനങ്ങളിലായി ആകെ 10 കിലോ അരി ഇതിൽ നിന്ന് ഓരോ റേഷൻ കാർഡുടമകൾക്കും വാങ്ങാം.

സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത 500 താലൂക്ക്,​ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി എത്തുക. ഒരു താലൂക്കിൽ 2 ദിവസം എന്ന ക്രമത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾ പട്ടിണി കിടക്കേണ്ട അവസ്ഥയുണ്ടാകില്ലെന്ന് മന്ത്രി അനിൽ പറഞ്ഞു. ഈ മാസം അവസാനത്തോടെ ആന്ധ്രയിൽ നിന്നടക്കം അരിയെത്തുമെന്നും മന്ത്രി അറിയിച്ചു.

പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ മാസം എല്ലാ മുന്‍ഗണനേതര (വെള്ള, നീല) റേഷൻ കാര്‍ഡുടമകള്‍ക്ക് എട്ടു കിലോ ഗ്രാം അരി വീതം ലഭിക്കും.  10.90 രൂപ നിരക്കിലാണ്  സ്പെഷ്യൽ അരി ലഭിക്കുക. നിലവിലുള്ള റേഷൻ വിഹിതത്തിന് പുറമേയാണിത്. ഒക്ടോബർ-നവംബർ- ഡിസംബർ ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ വിതരണവും തുടരുന്നതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

Top