മത്സ്യഫെഡ് നിയമനം: പിൻവാതിലിലൂടെ കയറിപറ്റിയത് 342 പേർ

കൊല്ലം : പിണറായി സർക്കാരിന്റെ കാലത്തു കരാർ– ദിവസക്കൂലി നിയമനം എന്ന പേരിൽ മത്സ്യഫെഡിൽ പിൻവാതിൽ നിയമനം നേടിയത് 350 ഓളം പേർ . പിഎസ്‌സി വഴി സർക്കാർ ജോലിക്കായി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തവേയാണ് ഇത്രയുംപേർ പിൻവാതിലിലൂടെ നിയമനം നേടിയത് . പ്രമുഖ നേതാക്കളുടെ ബന്ധുക്കളെ വരെ നിയമിച്ചതായാണു വിവരം. കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നശേഷം 2016 ഓഗസ്റ്റ് 15 മുതൽ കഴിഞ്ഞ ഓഗസ്റ്റ് 15 വരെ 31 തസ്തികകളിലായി 342 പേർ നിയമനം നേടിയെന്നു വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. നിയമനം നേടിയവരിൽ ഏറെയും സിപിഎം അനുഭാവികളോ നേതാക്കളുടെ നോമിനികളോ വകുപ്പു നിയന്ത്രിച്ചവർ ശുപാർശ ചെയ്തവരോ ആണ്.

പിഎസ്‌സി വഴി നിയമനം വൈകുന്നുവെന്ന പേരിലാണു പിൻവാതിൽ നിയമനം. ഏറ്റവും കൂടുതൽ നിയമനം നടത്തിയത് തിരുവനന്തപുരത്തെ നെറ്റ് ഫാക്ടറിയിലേക്കാണ്. ഇവിടെ വിവിധ തസ്തികകളിൽ 47 പേരെ നിയമിച്ചു. 7500, 10000, 18000, 22405, 24502, 25905 എന്നിങ്ങനെയാണു കരാർ നിയമനം നേടിയവർക്കുള്ള ശമ്പള നിരക്കുകൾ. ഈ സർക്കാരിന്റെ കാലത്തു മത്സ്യഫെഡിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷവും 27 പേരെ ഓപ്പറേറ്റർമാരായി നിയമിച്ചു. ഇതിൽ കൂടുതൽ നിയമനം നടന്നതു കൊല്ലത്താണ്. മത്സ്യഫെഡിൽ നിലവിൽ ആകെയുള്ള 950 ഓളം ജീവനക്കാരിൽ 158 പേർ ഒഴിച്ചു ബാക്കിയെല്ലാം കരാർ– ദിവസക്കൂലി ജീവനക്കാരാണ്.

Top