മഹാരാഷ്ട്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ഡല്‍ഹി ‘മാതോശ്രീ’; ഫഡ്‌നാവിസ് ലക്ഷ്യമിട്ടത് ആരെ?

ഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് മുംബൈയിലെ ‘മാതോശ്രീയില്‍’ നിന്നല്ല മറിച്ച് ഡല്‍ഹിയിലെ മാതോശ്രീയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ ചൂണ്ടിക്കാണിച്ചാണ് ഫഡ്‌നാവിസിന്റെ മാതോശ്രീ പ്രയോഗം. നടക്കാനിരിക്കുന്ന പല്‍ഗര്‍ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയും, സേനാ പ്രസിഡന്റുമായ ഉദ്ധവ് താക്കറെയെ ഫഡ്‌നാവിസ് ലക്ഷ്യമിട്ടത്.

‘ഈ ഗവണ്‍മെന്റിനെ മുംബൈയിലെ മാതോശ്രീയില്‍ (താക്കറെയുടെ ഭവനം) നിന്നല്ല നിയന്ത്രിക്കുന്നത്, മറിച്ച് ഡല്‍ഹി മാതോശ്രീയാണ്’, ഫഡ്‌നാവിസ് പ്രസ്താവിച്ചു. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും മറാത്തിയില്‍ മാതോശ്രീ എന്നാല്‍ ‘അമ്മ’ എന്നാണ് അര്‍ത്ഥം. എന്‍സിപിയും, കോണ്‍ഗ്രസും സേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗഡിയില്‍ സഖ്യകക്ഷികളാണ്.

‘തെരഞ്ഞെടുപ്പിന് ശേഷം എന്‍സിപിയെയും, കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കിയ സേനയുടെ നീക്കം കണ്ട് ബാല്‍താക്കറെ സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് കരയുകയാകും’, ഉദ്ധവ് താക്കറെയെ പരിഹസിച്ച് ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. ജനവിധിയെ വഞ്ചിച്ചാണ് സേന പുതിയ സഖ്യത്തിന് ഇറങ്ങിയത്. ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ഇതിന് ഉചിതമായ മറുപടി നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഹിന്ദുത്വ വക്താവായ വീര്‍സവര്‍ക്കറെ അപമാനിച്ചവര്‍ക്ക് മുന്നില്‍ സേനയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ട അവസ്ഥ വന്നത് ദൗര്‍ഭാഗ്യകരമാണ്. ഉള്‍പ്പോര് നേരിട്ട് എത്ര ദിവസം താക്കറെ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ഫഡ്‌നാവിസ് അതിശയം പ്രകടിപ്പിച്ചു.

Top