ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തെ മസ്ജിദ് നീക്കം ചെയ്യണമെന്ന ഹർജി മഥുര കോടതി തള്ളി

ലഖ്‌നൗ: ഷാഹി ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് നിര്‍മിച്ചെതെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ഉത്തര്‍പ്രദേശിലെ മഥുര കോടതി തള്ളി. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട സിബിഐ കോടതി വിധിക്ക് പിന്നാലെയായിരുന്നു ഇത്.

കഴിഞ്ഞ ആഴ്ചയാണ് ശ്രീകൃഷ്ണ ജന്മഭൂമി വീണ്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ മഥുര കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് കൃഷ്ണ ജന്മഭൂമി എന്ന് കരുതുന്ന പ്രദേശത്തുള്ള ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. മഥുരയില്‍ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.

1991ലെ ആരാധനാസ്ഥല നിയമം ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ എപ്രകാരമായിരുന്നോ ആ അവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഹര്‍ജികളെ കോടതികള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് ഈ നിയമം അനുശാസിക്കുന്നു. എന്നാല്‍, അയോധ്യ ഭൂമിതര്‍ക്കത്തെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഷാഹി ഈദ്ഗാഹ് മാനേജ്‌മെന്റ് കമ്മിറ്റിയും ശ്രീകൃഷ്ണ ജന്മസ്ഥന്‍സേവ സന്‍സ്ഥാനും തമ്മിലുള്ള ഭൂമി കരാര്‍ അംഗീകരിക്കുന്ന 1968-ലെ കോടതി വിധി റദ്ദാക്കണമെന്നും മഥുര സീനിയര്‍ സിവില്‍ ജഡ്ജി ഛായ ശര്‍മക്ക് മുന്നില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇത്തരത്തില്‍ ഒരു ഹര്‍ജി നല്‍കിയതിനെ മഥുരയിലെ പുരോഹിതസംഘം അപലപിച്ചു. മഥുരയിലെ സമാധാനം തകര്‍ക്കാന്‍ പുറത്തുനിന്നുള്ള ചില ആളുകള്‍ ശ്രമിക്കുന്നതായി അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ പ്രസിഡന്റ് മഹേഷ് പതക് പറഞ്ഞു. ഇരുപതാം നൂറ്റാണ്ടില്‍ ഇരുപാര്‍ട്ടികളും ഒത്തുതീര്‍പ്പുണ്ടാക്കിയതിന് ശേഷം മഥുരയില്‍ ഒരു തരത്തിലും ക്ഷേത്ര-പള്ളി തര്‍ക്കം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top