Mathura Clash; UP govt turned a blind eye towards 40 Intelligence report

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയിലെ ജവഹര്‍ പാര്‍ക്ക് ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടി 40 രഹസ്യന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച ശേഷം കൈക്കൊണ്ടത്‌. ജവഹര്‍ പാര്‍ക്കില്‍ ലൈസന്‍സുള്ള ആയുധങ്ങള്‍ക്കൊപ്പം വന്‍ തോതില്‍ അനധികൃത ആയുധശേഖരം ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചാണ് ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ അനുവാദം നല്‍കിയത്.

സ്വാധീന്‍ ഭാരത് സുഭാഷ് സേനയുടെ നേതൃത്വത്തില്‍ ആയുധശേഖരണവും ആയുധപരിശീലനവും നടക്കുന്നുണ്ടെന്നും ആക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ടെന്ന വിവരവും അടക്കം 40 ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും തള്ളിയ അഖിലേഷ് യാദവിന്റെ സര്‍ക്കാന്‍ ജില്ലാ ഭരണകൂടത്തിന് ആവശ്യത്തിന് സേനാബലവും നല്‍കിയിരുന്നില്ല.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയിലാണ് മഥുരയിലെ ജവഹര്‍ പാര്‍ക്ക് കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് കുമാര്‍ ഇത് സംബന്ധിച്ച് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് നേരിട്ട് കത്തെഴുതുകയും ചെയ്തു. നടപടികള്‍ക്ക് മുന്നോടിയായി കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിക്കണമെന്ന് വ്യക്തമായി കത്തില്‍ രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 20ന് അയച്ച കത്തില്‍ അധികമായി 12 പൊലീസ് ആംഡ് കോണ്‍സ്റ്റാബുലറി അനുവധിക്കണമെന്നും 5 കമ്പനി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് സംഘത്തെയും രണ്ട് കമ്പനി വനിത റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് സംഘത്തേയും വിന്യസിക്കണമെന്ന് അപേക്ഷിച്ചിരുന്നു. 1800 കോണ്‍സ്റ്റബിള്‍, 200 വനിത കോണ്‍സ്റ്റബിള്‍സ്‌ 150 സബ് ഇന്‍സ്‌പെക്ടേഴ്‌സ് 15 വനിത സബ് ഇന്‍സ്‌പെക്ടേഴ്‌സ 10 എസ്പിമാരുടേയും 25 ഡെപ്യൂട്ടി എസ്പിമാരുടേയും സംഘത്തിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡ് അടക്കം സംവിധാനങ്ങള്‍ സംഘര്‍ഷം മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവയൊന്നും അനുവദിക്കപ്പെട്ടില്ല.

കൈയ്യേറ്റക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും മഥുരയിലെ ക്രമസമാധാന നില താറുമാറാകുകയും ചെയ്തു. പ്രാദേശിക ഭരണകൂടങ്ങള്‍ കാര്യങ്ങള്‍ ഈ വിധത്തില്‍ കൈവിട്ട് പോകുമെന്ന് കരുതിയില്ലെന്നും പ്രതികരിച്ചു. അധികമായി ആവശ്യപ്പെട്ട സേനയെ ലഭിക്കാത്തതാണ് കാര്യങ്ങള്‍ ഈ വിധത്തില്‍ വഷളാകാന്‍ കാരണമെന്നും പ്രതികരിച്ചു.

രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പാടെ തള്ളിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അലംഭാവമാണ് ഇത്തരത്തിലൊരു ലഹളയിലേക്ക് വഴിവെച്ചതെന്ന ആക്ഷേപം ശക്തമാണ്. അലഹബാദ് ഹൈക്കോടതി കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതോടെ വിവരം ധരിപ്പിക്കാന്‍ ജവഹര്‍ പാര്‍ക്കിലെത്തിയ പൊലീസ് സേനയ്ക്ക് നേരെ കൈയ്യേറ്റക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

Top