ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം എന്‍.എസ് മാധവന്

കോഴിക്കോട്: 2018ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം എന്‍.എസ്. മാധവന്. മലയാള സാഹിത്യത്തിന് കഥ, നോവല്‍ വിഭാഗങ്ങളില്‍ എഴുത്തുകാരന്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ജനുവരിയില്‍ കോഴിക്കോട് വച്ച് സമര്‍പ്പിക്കും.

1970ല്‍ മാതൃഭൂമി വിഷുപ്പതിപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചെറുകഥാ മത്സരത്തിലൂടെയാണ് എന്‍എസ് മാധവന്‍ വരവറിയിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഹിഗ്വിറ്റ എന്ന ചെറുകഥയിലൂടെയാണ് മാധവന്‍ തിരിച്ച് വരവ് നടത്തിയത്. ചൂളൈമേട്ടിലെ ശവങ്ങള്‍, ഹിഗ്വിറ്റ, തിരുത്ത്, പര്യായകഥകള്‍, പഞ്ചകന്യകകള്‍ തുടങ്ങിയ ചെറുകഥാസമാഹാരങ്ങള്‍ക്കും ലന്തന്‍ ബത്തേരിയിലെ ലുത്തിനീയകള്‍ എന്ന നോവലുമാണ് മാധവന്‍ നല്‍കിയ പ്രധാന സംഭാവനകള്‍.

കൊച്ചി സ്വദേശിയായ മാധവന്‍ എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലാണ് കോളേജ് വിദ്യഭ്യാസം പൂര്‍ത്തീകരിച്ചത്. 1975ല്‍ ഐ.എ.എ സ്സില്‍ ചേര്‍ന്നു. ദീര്‍ഘകാലത്തെ സേവനത്തിനുശേഷം ബീഹാറിലെ ചീഫ് ഇലക്ടറല്‍ ഓഫീസറായി വിരമിച്ചു. ഇന്ദിര വധത്തെത്തുടര്‍ന്ന് അരങ്ങേറിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മാധവന്‍ എഴുതിയ ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’ എന്ന കഥ ‘കായാതരണ്‍’ എന്ന പേരില്‍ വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. ഓടക്കുഴല്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Top