പ്രമുഖ കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

കോട്ടയം: പ്രമുഖ കഥകളി അചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (81) അന്തരിച്ചു.കോവിഡിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രശസ്ത കലാകാരനായിരുന്ന കുടമാളൂര്‍ കരുണാകരന്‍ നായരുടെ മകളുടെ ഭര്‍ത്താവാണ്. സ്ത്രീ വേഷങ്ങളിലൂടെയാണ് ഇദ്ദേഹം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നത്.

1940-ല്‍ കുട്ടനാട്ടിലെ മാത്തൂര്‍ കുടുംബത്തിലാണ് മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ജനിച്ചത്. പതിനാലാം വയസില്‍ ജ്യേഷ്ഠന്‍ മോഹനകുഞ്ഞു പണിക്കരുടെ പ്രേരണയില്‍ കഥകളി അഭ്യസിക്കാന്‍ തുടങ്ങി. നെടുമുടി കുട്ടപ്പ പണിക്കര്‍, കുറിശ്ശി കുഞ്ഞന്‍ പണിക്കര്‍, അമ്പലപ്പുഴ ശേഖരന്‍, ഭാര്യാ പിതാവ് കുടമാളൂര്‍ കരുണാകരന്‍ നായര്‍ എന്നിവരുടെ കീഴിലായിരുന്നു കഥകളി പഠനം.

തകഴി ക്ഷേത്രത്തില്‍ ഗോവിന്ദന്‍ കുട്ടി അവതരിപ്പിച്ച കാലകേയ വധം ആട്ടക്കഥയിലെ ഇന്ദ്രാണി വേഷം കണ്ട കലാമണ്ഡലം കൃഷ്ണന്‍ നായരാണ് കല്ലുവഴി ചിട്ടയില്‍ കഥകളി പരിശീലിപ്പിച്ചത്. കരുണാകരന്‍ നായരുമായി കണ്ടുമുട്ടുന്നതു വരെ ഗോവിന്ദന്‍ കുട്ടിക്ക് കഥകളി സ്ത്രീ വേഷങ്ങളോട് പ്രത്യേക ആഭിമുഖ്യമില്ലായിരുന്നു.

പ്രമുഖ കഥകളി കലാകാരന്മാരായ മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി എന്നിവരോടൊപ്പം നിരവധി നായികാ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീവേഷങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിക്ക് 2011ലെ കേരള സംസ്ഥാന കഥകളി പുരസ്‌കാരം അടക്കം കേന്ദ്ര, സംസ്ഥാന അവാര്‍ഡുകളും കലാമണ്ഡലം ഫെലോഷിപ്പും നേടിയിട്ടുണ്ട്. രാജേശ്വരിയാണ് ഭാര്യ. കഥകളി നടന്‍ കുടമാളൂര്‍ മുരളീ കൃഷ്ണന്‍ മകനാണ്.

Top