തമിഴകത്തും മഹാരാഷ്ട്രയിലും ഒക്കെ ഉള്ള അധികാരമേ ഇവിടെയും ഒള്ളൂ . .

ബരിമലയിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് മനിതി പ്രവര്‍ത്തകരായ യുവതികള്‍ വന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. അതില്‍ പ്രധാനം അവര്‍ക്ക് വഴി നീളെ കേരള പൊലീസ് സുരക്ഷ ഒരുക്കി എന്നതാണ്. തമിഴ്‌നാട് അതിര്‍ത്തി കഴിയും വരെ തമിഴ്‌നാട് പൊലീസിന്റെ സുരക്ഷ ഉണ്ടായിരുന്നതായും പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്.

മന:പൂര്‍വ്വം ശബരിമലയില്‍ കുഴപ്പം ഉണ്ടാക്കാന്‍, വിവാദ മതപ്രഭാഷകനും എന്‍ഐഎ കേസില്‍ പ്രതിയുമായ സക്കീര്‍ നായിക്കിന്റെ അനുയായികള്‍ എത്തിയതായാണ് ബി.ജെ.പി നേതാക്കളും പരസ്യമായി ആരോപിച്ചിരിക്കുന്നത്. ഇവരുടെ ചില ബന്ധങ്ങള്‍ സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ടുണ്ടെന്ന വെളിപ്പെടുത്തലും ബി.ജെ.പി നേതൃത്വം നടത്തുകയുണ്ടായി.

മനിതി സംഘത്തിലെ പതിനൊന്നു പേര്‍ക്ക് പുറമെ ആദിവാസി നേതാവായ അമ്മിണിയും ഇവര്‍ക്കു പിന്നാലെ ശബരിമല ദര്‍ശനത്തിനായി ശ്രമിച്ചിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ മല കയറാതെ ഇവര്‍ക്കെല്ലാം മടങ്ങേണ്ട സ്ഥിതിയാണ് അരങ്ങേറിയത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മനിതി സംഘം വിശ്വാസികളാണോ എന്ന കാര്യത്തില്‍ സംശയമുള്ളതായ പ്രചരണങ്ങളും വ്യാപകമായിരുന്നു.

ഡിസംബര്‍ 23ന് ശബരിമലയില്‍ ഈ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്കു ശേഷം തിങ്കളാഴ്ച വീണ്ടും ദര്‍ശനം നടത്തണമെന്ന ആവശ്യമുന്നയിച്ച് രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ എത്തുകയുണ്ടായി. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. എന്നാല്‍, പ്രതിഷേധക്കാര്‍ക്കിടയിലൂടെ ഇവര്‍ക്കും ദര്‍ശനം സാധ്യമായിട്ടില്ല.

മാസങ്ങള്‍ക്കു മുന്‍പ് തന്നെ മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് മനിതി സംഘം തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചത്.

കേരളം സുരക്ഷ നല്‍കിയ കാര്യം അവിടെ നില്‍ക്കട്ടെ, ഈ യുവതികള്‍ തമിഴകത്ത് നിന്നും പുറപ്പെടുന്നതിനു മുന്‍പ് എന്തുകൊണ്ട് ഇവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞില്ല ? കേന്ദ്ര സര്‍ക്കാറിന്റെ കരുണ കൊണ്ടു മാത്രം നില നില്‍ക്കുന്ന തമിഴക സര്‍ക്കാറിനോട് കേന്ദ്രം ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്ക് അതിര്‍ത്തി പോലും കടക്കാന്‍ കഴിയുമായിരുന്നില്ലല്ലോ ?

ബി.ജെ.പി ആരോപിക്കുന്ന പോലുള്ള ഗൗരവ പശ്ചാത്തലമുള്ളവര്‍ ആണെങ്കില്‍ മറ്റൊരു സംസ്ഥാനത്ത് കുഴപ്പം ഉണ്ടാക്കാന്‍ പോകുന്നവരെ വിവരം അറിഞ്ഞാല്‍ തടയാന്‍ തമിഴക ഭരണകൂടത്തിനും ബാധ്യതയുണ്ട്. പ്രത്യേകിച്ച് കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അതല്ലേ ചെയ്യേണ്ടിയിരുന്നത്.

ബി.ജെ.പി നേതൃത്വം ആത്മാര്‍ത്ഥമായി വിചാരിച്ചിരുന്നുവെങ്കില്‍ നിഷ്പ്രയാസം മനിതിക്ക് മുന്നില്‍ തമിഴകത്ത് തന്നെ മതില്‍ കെട്ടാന്‍ കഴിയുമായിരുന്നു. പിണറായി വിജയനല്ല തമിഴക മുഖ്യമന്ത്രി എന്നതിനാല്‍ കേന്ദ്രം എന്ത് പറഞ്ഞാലും അപ്പടി അവിടെ അനുസരിക്കപ്പെടുകയും ചെയ്യുമായിരുന്നു.

തമിഴകത്ത് നിന്നും നിലയ്ക്കലില്‍ എത്തി ഐ.പി.എസ് ഓഫീസര്‍ യതീഷ് ചന്ദ്രയോട് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ നിര്‍ദ്ദേശിച്ച കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഈ പ്രഖ്യാപനമൊക്കെ നടക്കുമ്പോള്‍ എവിടെ ആയിരുന്നു എന്നതും പ്രസക്തമാണ്?

യതീഷ് ചന്ദ്രക്കെതിരെ അവകാശ ലംഘനത്തിന് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയ തമിഴ് നാട്ടുകാരനായ ഈ കേന്ദ്ര മന്ത്രി തമിഴ് നാട് മുഖ്യമന്ത്രിക്ക് ഒരു കോള്‍ ചെയ്താല്‍ മനിതി പ്രവര്‍ത്തകരെ കടത്തിവിടില്ലായിരുന്നുവല്ലോ ?

പറയുന്ന കാര്യങ്ങളിലും ചെയ്യുന്ന പ്രവര്‍ത്തികളിലും ധാര്‍മ്മികത ഉണ്ടെങ്കില്‍ അതായിരുന്നു ബി.ജെ.പി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതിന് അവര്‍ തയ്യാറായില്ല എന്നതില്‍ നിന്നും പ്രതിഷേധങ്ങള്‍ വിശ്വാസം സംരക്ഷിക്കാന്‍ എന്നതിലുപരി കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് എന്ന് വ്യക്തമാക്കുന്നതാണ്.

ലിംഗസമത്വം വേണം എന്ന് വാദിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനെ സംബന്ധിച്ച് യുവതികള്‍ ശബരിമലയില്‍ കയറുന്നതിന് അനുകൂലമായ നിലപാടാണ് നിലവിലുള്ളത്.

ഇക്കാര്യം സി.പി.എമ്മും ഇടതുപക്ഷവും ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. യുവതീ പ്രവേശന കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കും എന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്.

ഈ ഒരു സാഹചര്യത്തില്‍ ശബരിമലയിലേക്ക് വരുന്ന യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് സംരക്ഷണം നല്‍കിയതില്‍ സര്‍ക്കാറിനെ കുറ്റം പറയാന്‍ പറ്റില്ല. നയപരമായും നിയമപരമായുമുള്ള നടപടിയാണ് അവിടെ ഇടതുപക്ഷ സര്‍ക്കാര്‍ സീകരിച്ചത്.

തൃപ്തി ദേശായിക്കെതിരെ കൊച്ചി വിമാനതാവളത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രതിഷേധക്കാരെ അടിച്ചോടിച്ച് തൃപ്തിയെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് ശ്രമിച്ചിട്ടില്ല എന്ന കാര്യവും നാം ഓര്‍ക്കണം.

ഇപ്പോള്‍ മനിതി സംഘടനയില്‍പ്പെട്ട യുവതികളെയും ഇതിനു ശേഷം കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും വന്ന യുവതികളെയും ദര്‍ശനം നടത്തിക്കാനും പൊലീസ് ബലപ്രയോഗം നടത്തിയിട്ടില്ല. വന്നവരെ അവര്‍ ആവശ്യപ്പെട്ടപ്പോള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു, ഭക്തര്‍ പ്രതിഷേധിച്ചപ്പോള്‍ തിരിച്ച് മലയിറക്കി കൊണ്ടു വരികയും ചെയ്തു. ഇതാണ് നടന്നത്.

സര്‍ക്കാറിനും പൊലീസിനും വാശി ഉണ്ടായിരുന്നുവെങ്കില്‍ ഉചിതമായ ദിവസം നോക്കി മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമായിരുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ബി.ജെ.പി ആരോപിക്കുന്ന ഈ തീവ്ര സ്വഭാവക്കാരായ യുവതികള്‍ വീണ്ടും ശബരിമലയിലേക്ക് തിരിക്കാനിരിക്കുകയാണ്. പിണറായി പൊലീസിനെ വിശ്വാസമില്ലാത്ത നിങ്ങള്‍ അവരെ സംഘടനാപരമായും ഭരണപരമായും സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ തടഞ്ഞ് വാക്കും പ്രവര്‍ത്തിയും ഒന്നാണെന്ന് തെളിയിക്കുകയാണ് ഇനി ചെയ്യേണ്ടത്.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് യുവതികളുടെ മേല്‍ ഇല്ലാത്ത നിയന്ത്രണം പിണറായി സര്‍ക്കാറിന് മാത്രം ബാധകമാക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

Express View

Top