മാലിന്യങ്ങള്‍ വീണ്ടും തിരികെ ജലാശയങ്ങളിലേയ്ക്ക് നിക്ഷേപിക്കരുതെന്ന് മന്ത്രി മാത്യു ടി. തോമസ്

Mathew T Thomas

തിരുവനന്തപുരം : കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ നിന്ന് കര കയറുകയാണ് കേരളീയര്‍. ജീവന്‍ മാത്രം ബാക്കിവച്ച് എല്ലാം ഒഴുക്കിയെടുത്ത പ്രളയം. പ്രളയക്കെടുതിയില്‍ നിന്ന് കരകയറിയ കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്.

അതിനിടയില്‍ കെടുതികള്‍ക്ക് ശേഷം അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ വീണ്ടും തിരികെ ജലാശയങ്ങളില്ലേയ്ക്ക് നിക്ഷേപിക്കരുതെന്ന് മന്ത്രി മാത്യു ടി. തോമസ് അഭ്യര്‍ത്ഥിച്ചു. പ്രളയത്തിന് ശേഷം ജലാശയങ്ങളുടെ പരിസരങ്ങളില്‍ വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ഡാമുകള്‍ ഉള്‍പ്പെടെ സകല ജലാശയങ്ങളേയും പ്രകൃതിതന്നെ ശുദ്ധീകരിച്ചിരിക്കുന്നതിന്റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ജലാശയങ്ങളെ ഇനിയെങ്കിലും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമാണ് ദുരന്തത്തിനിടയിലും കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇത് മനസ്സിലാക്കി ജലാശയങ്ങള്‍ സംരക്ഷിച്ചുള്ള മാതൃകാപരമായ മാലിന്യ സംസ്‌കരണത്തിനായി ഏവരും ഒരുമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Top