മാത്യു ടി തോമസിനെ മാറ്റി; പുതിയ മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടി അധികാരമേല്‍ക്കും

mathew-t-thomas-k-krishnan

തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിനെ മാറ്റി. പുതിയ മന്ത്രിയായി ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടി അധികാരമേല്‍ക്കും. തീരുമാനം മാത്യു.ടി.തോമസ് അംഗീകരിച്ചെന്നാണ് ഡാനിഷ് അലി വ്യക്തമാക്കിയിരിക്കുന്നത്.

മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ജെഡിഎസ്സ് കത്ത് നല്‍കിയിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രി മാറണമെന്ന് ധാരണ ഉണ്ടായിരുന്നു എന്ന് ദേവഗൗഡ വ്യക്തമാക്കി. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു.

ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കെ കൃഷ്ണന്‍ കുട്ടി, സി കെ നാണു എംഎല്‍എ എന്നിവരുമായി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ ബെംഗളുരുവില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി മാത്യു ടി തോമസിനെയും ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണന്‍കുട്ടിക്കൊപ്പം ഒരു ചര്‍ച്ചക്കുമില്ലെന്നാണ് മന്ത്രി നിലപാടെടുത്തിരുന്നത്.

Top