കെആര്‍ഇഎംഎല്ലിന് 51 ഏക്കര്‍ ഭൂമി പതിച്ചുനല്‍കണമെന്ന ജില്ലാ സമിതി ശുപാര്‍ശ സര്‍ക്കാര്‍ റദ്ദാക്കണം: മാത്യു കുഴല്‍നാടന്‍

കൊച്ചി: കെആര്‍ഇഎംഎല്ലിന് 51 ഏക്കര്‍ ഭൂമി പതിച്ചുനല്‍കണമെന്ന ജില്ലാ സമിതി ശുപാര്‍ശ സര്‍ക്കാര്‍ റദ്ദാക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ജില്ലാ സമിതി ശുപാര്‍ശ റവന്യു വകുപ്പ് തള്ളിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2023 ഓഗസ്റ്റിലാണ് ഈ ഉത്തരവ് വന്നത്. കോടതിയെ ചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലാ സമിതി ശുപാര്‍ശ റദ്ദാക്കിയില്ലെങ്കില്‍ കോടതിയെ ചാരി സര്‍ക്കാരിന് രക്ഷപ്പെടാം. ചങ്ങാത്ത മുതലാളിത്തം എന്തെന്ന് പാര്‍ട്ടി ക്ലാസില്‍ പറയുമ്പോള്‍ ഈ ഉദാഹരണം പറയണമെന്ന് മന്ത്രി പി രാജീവിനോട് കുഴല്‍നാടന്‍ പറഞ്ഞു. ഭൂമി പതിച്ചുനല്‍കണമെന്ന ജില്ലാ സമിതി ശുപാര്‍ശ നിയമവിരുദ്ധമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.ഇക്കാര്യം റവന്യൂ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ജില്ലാ സമിതി ശുപാര്‍ശ കെആര്‍ഇഎംഎല്ലിന് അനുകൂലമായി നില്‍ക്കുകയാണ്. അങ്ങനെ നിന്നാല്‍ കോടതിയില്‍ വീണ്ടും കമ്പനിക്ക് അനുകൂലമായ വിധി വരും. റവന്യൂ വകുപ്പിന്റെ ഉത്തരവ് വീണ്ടും കോടതി തള്ളും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും മുറുകെപ്പിടിക്കുന്നവര്‍ അന്വേഷിക്കണമെന്നും മാത്യു കുഴല്‍നടന്‍ ആവശ്യപ്പെട്ടു.

Top