മാസപ്പടി വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ കോടതിയിലെത്തിക്കു;മാത്യു കുഴല്‍നാടന്‍

ഇടുക്കി: മാസാപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതി നോട്ടീസ് അയച്ചതില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുഴല്‍നാടന്റെ പ്രതികരണം.

പി വി ഞാനല്ല എന്ന മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനയില്‍ ഇപ്പോള്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് പിണറായി വിജയന്‍ പറയണം. ഉറച്ചുനില്‍ക്കുന്നില്ലെങ്കില്‍ പിണറായി വിജയന്‍ പൊതു സമൂഹത്തോടു മാപ്പ് പറയണം. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരും. യുഡിഎഫ് നേതാക്കള്‍ ഒളിച്ചോടില്ല. കോടതിയില്‍ മറുപടി നല്‍കും. ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡിലെ ചുരുക്ക വാക്കുകള്‍ തങ്ങളുടെ പേരല്ല എന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ല. പി വി ഞാനല്ല എന്ന് പറഞ്ഞത് പിണറായി മാത്രമാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.

Top