മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നിയമസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ, വസ്‌തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്‌ഥതയിലുള്ള കമ്പനിയുടെ വെബ്സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്‌ഥാപനത്തിന്റെ ഡയറക്‌ടര്‍ ജെയ്‌ക് ബാലകുമാര്‍ അവരുടെ മെന്റ്‌റര്‍ ആണെന്ന് പറഞ്ഞിരുന്നത് മാത്യു കുഴല്‍നാടന്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.

എന്നാല്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ‘മാത്യു കുഴല്‍നാടന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്‌തി എന്റെ മകളുടെ മെന്റ്‌ര്‍ ആയിട്ടുണ്ടെന്ന് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്, എന്തും പറയാമെന്നതാണോ ‘ എന്നും ക്ഷോഭത്തില്‍ പറഞ്ഞിരുന്നു.

വെബ് സൈറ്റിന്റെ ആര്‍ക്കൈവ്‌സ് രേഖകള്‍ പ്രകാരം 2020 മെയ് 20 വരെ Exalogic Solutions കമ്പനിയുടെ വെബ്സൈറ്റില്‍ ജെയ്‌ക് ബാലകുമാര്‍ കമ്പനിയുടെ ഫൗണ്ടേഴ്‌സിന്റെ മെന്റ്‌ര്‍ ആണെന്ന് രേഖപ്പെടുത്തിയിരുന്നു. കൂടാതെ ജെയ്‌ക് ബാലകുമാറുമായുള്ള പ്രൊഫഷണല്‍ ബന്ധത്തേക്കുറിച്ച്‌ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലും വീണ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകളും മാത്യു കുഴല്‍നാടന്‍ അവാകാശലംഘന നോട്ടീസിനൊപ്പം സ്‌പീക്കര്‍ക്ക് നല്‍കി.

Top