ധനമന്ത്രി ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുകയാണെന്ന് മാത്യു കുഴല്‍നാടന്‍

കൊച്ചി: കിഫ്ബി വിവാദത്തില്‍ ധനമന്ത്രി ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് ഗോള്‍ അടിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. സിഎജി മറുപടി പറയാന്‍ വരില്ല എന്ന് അറിയാവുന്നത് കൊണ്ടാണിത്. കരടില്‍ കിഫ്ബിയെ സംബന്ധിച്ച രണ്ട് പാരഗ്രാഫ് ഉണ്ടായിരുന്നു എന്ന് മന്ത്രി സമ്മതിക്കുന്നുണ്ട്. കരടില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചേര്‍ക്കാന്‍ സിഎജിക്ക് അധികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. വികസനം മുന്നോട്ടു പോകാത്തത് മറ്റാരുടെയോ കുഴപ്പം കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ധനമന്ത്രി ശ്രമിക്കുന്നു. കിഫ്ബിയില്‍ നിന്നും എത്ര പണം ചെലവഴിച്ചു എന്ന് വ്യക്തമാക്കാന്‍ മന്ത്രി തയ്യാറാകണം. സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു പദ്ധതിയും തടസ്സപ്പെട്ടില്ലെന്നും ധനമന്ത്രി സൃഷ്ടിച്ച അസാധാരണ സാഹചര്യം മാത്രമാണ് സംസ്ഥാനത്തുള്ളതെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.

Top