ടെക് മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രിയുടെ ആവശ്യമില്ലെന്ന് മാത്യു കാന്‍ഡി

ടെക് മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രിയുടെ ആവശ്യമില്ലെന്ന് ജെനറേറ്റീവ് എഐയിലെ ഐബിഎമ്മിന്റെ ഗ്ലോബല്‍ മാനേജിങ് പാര്‍ട്ട്ണറായ മാത്യു കാന്‍ഡി. ഫോര്‍ച്യൂണിന് നല്‍കിയ അഭിമുഖത്തിലാണ് മാത്യു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആശയമുള്ള വ്യക്തികള്‍ക്ക് കോഡ് ചെയ്യാതെ തന്നെ ഉത്പന്നങ്ങള്‍ തയാറാക്കാന്‍ എഐയുടെ സഹായത്തോടെ സാധിക്കുമെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.

ടെക് മേഖലയിലെ എക്‌സിക്യൂട്ടിവുകള്‍ പോലും എഐ സാങ്കേതികവിദ്യയെ സ്വാഗതം ചെയ്യുന്നുണ്ട്. മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എഐ സാങ്കേതികവിദ്യയുടെ വരവ് അത്ര അനുകൂലമല്ല. ഹീറൊ വയേഡ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എഐ മൂലം ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവരാണ് പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്ന 82 ശതമാനം പേരും.എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യാനാകുന്ന ജോലികളിലേക്ക് ആളുകളെ നിയമിക്കുന്നില്ലെന്ന് ഐബിഎം തന്നെ കഴിഞ്ഞ വര്‍ഷം മേയില്‍ അറിയിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ബാക്ക് ഓഫീസ് ജോലികളുടെ 30 ശതമാനത്തോളം എഐ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കുമെന്ന് ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ പറഞ്ഞു. ഇത് ഏകദേശം 7,800 പേരുടെ തസ്തികയ്ക്ക് തുല്യമാണ്.

ഒരാള്‍ക്ക് ആശയം അവതരിപ്പിക്കാനും അത് പരീക്ഷിക്കാനും നടപ്പിലാക്കാനുമുള്ള സമയം ഇനി അതിവേഗത്തിലാകും. ഇതിനായി ഒരു കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രിയുടെ ആവശ്യമില്ല. എഐ യുഗത്തില്‍ സാങ്കേതികവിദ്യയുടെ മികവായിരിക്കില്ല ആവശ്യം, പകരം സര്‍ഗാത്മകതയും നവീകരണ മികവും പോലുള്ള കഴിവുകളായിരിക്കും,’- മാത്യു വ്യക്തമാക്കി.ടെക് മേഖലയെ മാത്രമല്ല എഐ ബാധിക്കുക എന്നും മാത്യു ചൂണ്ടിക്കാണിച്ചു. എഐ ഇമേജ് ജനറേഷന്‍ സാങ്കേതികവിദ്യ കലാമേഖലയെ തന്നെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് മാത്യു കൂട്ടിച്ചേര്‍ത്തു. ‘ഒരു ഡിസൈനറുടെ ജോലിക്കായി ഇനി നിങ്ങള്‍ ഒരു ഗ്രാഫിക് ഡിസൈനര്‍ ആകണമെന്നില്ല, ഒരു ആര്‍ട്ട് ഡിഗ്രിയും സ്വന്തമാക്കേണ്ടതില്ല,’ മാത്യ പറഞ്ഞു.

Top