ശബരിമല: ആചാരങ്ങള്‍ തെറ്റിക്കരുത്; വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം: അമൃതാനന്ദമയി

തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്ര സങ്കല്‍പ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് മിക്ക പ്രശ്‌നത്തിനും കാരണമെന്നും അമൃതാനന്ദമയി പറഞ്ഞു. അയ്യപ്പ ഭക്തസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മാതാ അമൃതാനന്ദമയി ഇക്കാര്യം പറഞ്ഞത്.

അമൃതാനന്ദമയിയുടെ വാക്കുകള്‍ ഇങ്ങനെയാണ്-ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ഈശ്വരനും സര്‍വമായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങളാണ്. പാരമ്പര്യമായ വിശ്വാസങ്ങള്‍ ആചരിച്ചില്ലെങ്കില്‍ അത് ക്ഷേത്രസാഹചര്യത്തെ ബാധിക്കും.

മാറ്റം ആവശ്യമാണ്. ക്ഷേത്രത്തെ മറന്നുള്ള മാറ്റങ്ങള്‍ പാടില്ല. അതിലൂടെ നമ്മുടെ മൂല്യങ്ങള്‍ നഷ്ടമാവും. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണ്. അത് നാം സംരക്ഷിക്കണം. സമൂഹത്തില്‍ ശാരീരികവും മാനസികവുമായ താളലയം കൊണ്ടുവരുന്നത് ക്ഷേത്രങ്ങളാണെന്നും മാതാ അമൃതാനന്ദമയി വ്യക്തമാക്കി.

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഈശ്വരന്റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എന്നാല്‍ ക്ഷേത്രത്തില്‍ ആ വ്യത്യാസമുണ്ടെന്നും അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കില്‍ കിടക്കുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറിക്കൊടുക്കണം, ഓക്സിജന്‍ കൊടുക്കണം. ക്ഷേത്രം മൈനറാണ്. കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും ആവശ്യമാണെന്നതുപോലെ ക്ഷേത്രത്തിന് തന്ത്രിയുടെയും വിശ്വാസിയുടെ സംരക്ഷണം വേണം. വിശ്വാസമില്ലാത്തവര്‍ അവിടെ പോയാല്‍ തുപ്പുകയും തൂറുകയുമൊക്കെ ചെയ്യും.- അവര്‍ വ്യക്തമാക്കി.

ആചാരങ്ങള്‍ തെറ്റിക്കരുതെന്നും സംസ്‌കാരത്തിന്റെ കെട്ടും കുറ്റിയും അതിലാണെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. അര്‍ജുനന്‍ കൃഷ്ണനോട് യുദ്ധതന്ത്രം ചോദിച്ചപ്പോള്‍ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്റെ മറുപടി. തനിക്കും അതേ പറയാനുള്ളൂ. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കണം. പയ്യെത്തിന്നാല്‍ പനയും തിന്നാം. അതുകൊണ്ട് തനിക്ക് മറ്റൊന്നും പറയാനില്ല എന്നു പറഞ്ഞാണ് അമൃതാനന്ദമയി പ്രസംഗം അവസാനിപ്പിച്ചത്.

Top