‘വായു’ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക്; കനത്ത ജാഗ്രത. . .

ഗാന്ധിനഗര്‍: ‘വായു’ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.

മണിക്കൂറില്‍ 17 കിലോമീറ്റര്‍ വേഗതയിലാണ് ‘വായു’ നാളെ രാവിലെ തീരം തൊടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.

പോര്‍ബന്ദറിനും മഹുവയ്ക്കുമിടയില്‍ വെരാവല്‍ – ദിയു മേഖലയ്ക്കടുത്ത് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാം. ഇത് മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഗുജറാത്തിന്റെ തീരമേഖലയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന മേഖലകളില്‍ താമസിക്കുന്നവരെയും തീരത്തിന് തൊട്ടടുത്ത് താമസിക്കുന്നവരെയും ഒഴിപ്പിച്ചു തുടങ്ങി. ഗുജറാത്ത്, കേന്ദ്രഭരണപ്രദേശമായ ദാമന്‍ – ദിയു എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് ലക്ഷം പേരെയെങ്കിലും ഒഴിപ്പിക്കുമെന്നാണ് സൂചന. ഇവര്‍ക്കായി 700 ദുരിതാശ്വാസക്യാമ്പുകള്‍ തയ്യാറാക്കി കഴിഞ്ഞു.

Top