ഒമാനിലേക്കു പോയ വായു ചുഴലിക്കാറ്റ് വീണ്ടും ഗുജറാത്ത് തീരം ലക്ഷ്യമിട്ട് തിരിച്ചെത്തുന്നുവെന്ന്

ന്യൂഡല്‍ഹി: ജനങ്ങളെ ഭീതിയിലാഴ്ത്തിയ വായു ചുഴലിക്കാറ്റ് ഒമാനിലേക്കു പോയെങ്കിലും വീണ്ടും ഗുജറാത്ത് തീരം ലക്ഷ്യമിട്ടു തിരിച്ചെത്തുന്നതായി സൂചന.

അടുത്ത 48 മണിക്കൂറിനുള്ളില്‍ വായു ശക്തമായി തിരിച്ചെത്തുമെന്നാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മാസം 16, 17, 18 തീയതികളിലായി വായു തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, വായു ഗുജറാത്തിന് ഇനി ഭീഷണിയുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചുഴലിക്കാറ്റ് ഗതിമാറി തിരിച്ചെത്തുന്നത്. ശനിയാഴ്ച രാവിലെയോടെ അതി തീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

13ന് വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഗുജറാത്ത് തീരം പിന്നിട്ടു വടക്കു-പടിഞ്ഞാറന്‍ ദിശയിലേക്കാണു വായു നീങ്ങിയത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം മാറിയതിനാല്‍ ഗുജറാത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായില്ല. എന്നാല്‍ കനത്ത മഴ ലഭിച്ചിരുന്നു. സംസ്ഥാനത്ത് രണ്ടു ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപാര്‍പ്പിക്കുകയും ചെയ്തിരുന്നു.

Top