വീണ്ടും ഒത്തുകളി: ലോകകപ്പ് നേടിയ ടീമിലെ ഇന്ത്യന്‍ താരത്തിനെതിരെ അന്വേഷണം

ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന താരത്തിനെതിരെ ഒത്തുകളി ആരോപണത്തില്‍ അന്വേഷണം. കഴിഞ്ഞ ജൂലൈയില്‍ ജയ്പൂരില്‍ നടന്ന രാജ്പുത്താന പ്രീമിയര്‍ ലീഗ് ടി ട്വന്റി ടൂര്‍ണമെന്റില്‍ നടന്ന ഒത്തുകളിയെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ പങ്ക് പുറത്തായത്.

ഒത്തുകളിയാരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ബിസിസിഐയുടെ ആന്റി കറപ്ഷന്‍ ബ്യൂറോ യൂണിറ്റ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് രാജസ്ഥാന്‍ പൊലീസിന്റെ സിഐഡി വിഭാഗവും കേസ് വിശദമായി അന്വേഷിച്ചു.

ടൂര്‍ണമെന്റിന്റെ സംഘാടകര്‍, താരങ്ങള്‍, അംപയര്‍മാര്‍ എന്നിവരടക്കം 14 പേരെ കഴിഞ്ഞ ജൂലൈയില്‍ ജയ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് മുന്‍ ഇന്ത്യന്‍ താരത്തെക്കുറിച്ചുള്ള വിവരം കിട്ടിയത്. ടൂര്‍ണമെന്റിലെ നിര്‍ണായകമായ ഒരു മത്സരത്തില്‍ അവസാന ഓവറില്‍ ബൗളര്‍ മനപ്പൂര്‍വ്വം നോബോളും വൈഡും എറിഞ്ഞ് പതിനൊന്ന് ബൈ റണ്‍സാണ് എതിര്‍ടീമിന് സംഭാവന ചെയ്തത്. ബൗളര്‍ വാരിക്കോരി നല്‍കിയ വൈഡ് റണ്‍സിന്റെ ആനുകൂല്യത്തില്‍ എതിര്‍ടീം നിഷ്പ്രയാസം ജയിക്കുകയും ചെയ്തു.

Top