വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ മാസ്റ്റർ, റിലീസ് ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ

നീണ്ട ഇടവേളക്ക് ശേഷം വലിയ പ്രതീക്ഷയിൽ എത്തുന്ന വിജയുടെ മാസ്റ്റർ സിനിമക്ക് റിലീസിന് മുന്നേ തന്നെ വലിയ സ്വീകാര്യത. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നല്ല രീതിയിൽ തന്നെ കിട്ടുന്നുണ്ട് സിനിമക്ക്. ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളിലൂടെയുടെ ടിക്കറ്റ് ബുക്കിംഗ് സിനിമാപ്രേമികളുടെ ശീലമായി മാറിയിരുന്നു. എന്നാല്‍ ബുക്ക് മൈ ഷോ അടക്കമുള്ള സൈറ്റുകളില്‍ പല സ്ഥലങ്ങളിലും ഇന്നു മാത്രമാണ് പല ഷോകളുടെയും ടിക്കറ്റുകള്‍ എത്തിയത്.

തുടരെത്തുടരെ ഇത്തരം സൈറ്റുകളിലേക്ക് നോക്കിയിരുന്നവര്‍ക്കു മാത്രമാണ് ടിക്കറ്റുകള്‍ ലഭിച്ചത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാനായി ഒന്നിടവിട്ട സീറ്റുകളിലേക്ക് മാത്രമാണ് പ്രവേശനം എന്നതിനാല്‍ ഉള്ള ടിക്കറ്റുകള്‍ വേഗത്തിലാണ് വിറ്റുതീര്‍ന്നത്. ആരാധക സംഘങ്ങള്‍ വഴി ആദ്യ ദിവസത്തെ ടിക്കറ്റ് വിതരണം ചെയ്തതിനാല്‍ പല സെന്‍ററുകളിലെയും പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളിലേക്ക് എത്തിയിരുന്നുമില്ല. കേരളത്തില്‍ ട്രാവന്‍കൂര്‍ ഏരിയയില്‍ മാത്രം 110 തീയേറ്ററുകളിലാണ് മാസ്റ്റര്‍ റിലീസ് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ തിയറ്ററുകള്‍ ചേരുന്നതാണ് ട്രാവന്‍കൂര്‍ ഏരിയ.

ആദ്യത്തെ ഒരാഴ്ചയാണ് വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് ഏറ്റവും കളക്ഷന്‍ ലഭിക്കാറ്. മികച്ച അഭിപ്രായം ലഭിക്കുകയാണെങ്കില്‍ അത് അടുത്ത ആഴ്ചയിലേക്ക് നീളുകയും ചെയ്യും. പകുതി സീറ്റുകളിലാണ് പ്രദര്‍ശനം എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ പ്രീ-ബുക്കിംഗില്‍ മിക്കവാറും പ്രദര്‍ശനങ്ങള്‍ എല്ലാംതന്നെ ഹൗസ്‍ഫുള്‍ ആയത് കേരളത്തിലെ തിയറ്റര്‍ ഉടമകളെ സന്തോഷിപ്പിക്കുന്നുണ്ട്.

Top