27 ആശുപത്രികളുടെ മുഖഛായ മാറ്റാന്‍ മാസ്റ്റര്‍പ്ലാന്‍; വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനം സാക്ഷാത്ക്കരിക്കുന്നത്. ആധുനിക രീതിയില്‍ ആശുപത്രി നിര്‍മ്മിച്ച് രോഗീ സൗഹൃദമാക്കുന്ന തരത്തിലാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്.

എല്ലാ സ്‌പെഷ്യാലിറ്റികളും ഒരുക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. താലൂക്ക്, ജില്ലാ ആശുപത്രികളെ സമ്പൂര്‍ണ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന മുറയ്ക്ക് കിഫ്ബിയിലൂടെ ഫണ്ട് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക ലേബര്‍ റൂം, കുട്ടികളുടെ വാര്‍ഡ്, ജനറല്‍ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ്, സൗകര്യപ്രദമായ രോഗീ സൗഹൃദ ഒ.പി., കാത്തിരുപ്പ് കേന്ദ്രം, മോഡേണ്‍ ഡ്രഗ് സ്‌റ്റോര്‍, ഫാര്‍മസി, ലബോറട്ടറി, എക്‌സ്‌റേ, സിടി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കെട്ടിടം, ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്.

Top