ആദ്യം അതിജീവിക്കാം, എന്നിട്ട് ആഘോഷിക്കാം: മാസ്റ്ററിന്റെ ലോക്ക്ഡൗണ്‍ പോസ്റ്റര്‍ പുറത്ത്‌

മാസ്റ്റര്‍ എന്ന വിജയ്ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ ലോകേഷ് കനകരാജ്. ലോക്ക്ഡൗണ്‍ പ്രമാണിച്ച് റിലീസ് ചെയ്യാതിരുന്ന ചിത്രം വേണ്ടസമയത്തു തന്നെ ആരാധകരുടെ അരികിലേക്ക് എത്തുമെന്ന് പറയുകയാണ് സംവിധായകന്‍.

വിജയ് നായകനും വിജയ് സേതുപതി വില്ലനുമായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മാസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യേണ്ടതായിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ മാസ്റ്ററുമുണ്ടായിരുന്നു.

റിലീസ് മാറ്റിവെച്ചതിലുള്ള നിരാശ കൊണ്ടുളള ആരാധകരുടെ ട്വീറ്റുകളാല്‍ സമൂഹമാധ്യമങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ആദ്യം അതിജീവിക്കാം, എന്നിട്ട് ആഘോഷിക്കാം എന്ന് സംവിധായകന്‍ ട്വീറ്റ് ചെയ്തു. മാസ്റ്റര്‍ നിങ്ങള്‍ക്കരികിലേക്ക് ഉടനെയെത്തുമെന്നാണ് പുതിയ പോസ്റ്ററിലെ ടാഗ്ലൈന്‍.

ചിത്രത്തിലെ ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോകള്‍ നേരത്തെ പുറത്തു വന്നിരുന്നു. പ്രേക്ഷകര്‍ വളരെ ആവേശപൂര്‍വ്വമാണ് വീഡിയോകള്‍ ഏറ്റെടുത്തത്.

മാളവിക മോഹനനും ആന്‍ഡ്രിയയും നായികമാരാകുന്ന ചിത്രത്തില്‍ ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കും. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. ചിത്രം നിര്‍മ്മിക്കുന്നത് സേവ്യര്‍ ബ്രിട്ടോ ആണ്.

Top