മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു; പ്രദര്‍ശനം തിയേറ്ററുകളില്‍ തന്നെ

വിജയും വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തിന്റെ റിലീസിങ്ങിനെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു എന്ന വിവരമാണ് പുറത്തുവരുന്നത്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുന്നതിനാല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകുന്നത് തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാത്രമാണെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മാസ്റ്ററിന്റെ റിലീസ് ഏപ്രില്‍ 9 നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊറോണ ഭീതിയില്‍ തിയ്യറ്ററുകള്‍ അടച്ചിട്ടതിനാല്‍ റിലീസ് നീണ്ടു പോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യാന്‍ അനുമതി ലഭിച്ചതിനാല്‍ അത് പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മാളവിക മോഹനന്‍, ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ, രമ്യ സുബ്രഹ്മണ്യന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സംഗീതം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനുമാണ്. എക്‌സ് ബി ക്രിയേറ്ററിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top