ആഡംബര വാഹനമായ മസ്താങ്ങ് പുതിയ മാറ്റങ്ങളുമായി വിപണിയിലേക്ക്

ഡംബര വാഹനമായ മസ്താങ്ങ് പുതിയ മാറ്റങ്ങളുമായി വിപണിയിലേക്ക്. ആറ് സിലണ്ടര്‍ സ്‌പോര്‍ട്‌സ് സെഡാനുമായും നാല് സിലണ്ടര്‍ സ്‌പോര്‍ട്‌സ് കാറുമായും താരതമ്യം ചെയ്യാന്‍ സാധിക്കുന്ന മസ്താങ്ങ്, ആഗോള വിപണിയില്‍ പുതിയ മോഡല്‍ ഇറക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയിലും എത്തിക്കുന്നത്.

അഗ്രസീവ് ലുക്ക് നല്‍കുന്ന മാറ്റങ്ങളാണ് പുതിയ മസ്താങ്ങിന് നല്‍കിയിരിക്കുന്നത്. വലിയ ബമ്പറും പുതുമയുള്ള ഗ്രില്ലുമാണ് മുന്‍വശത്ത് വരുത്തിയിരിക്കുന്ന പ്രധാനമാറ്റം. കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്ന ബൂട്ട് സ്‌പോയിലറും ഡിഫ്യൂസറുമാണ് പിന്നിലെ മാറ്റം.

വാഹനത്തിന് സ്‌പോര്‍ട്‌സ് കാറിന്റെ ഭാവപകര്‍ച്ച നല്‍കുന്നതിനായി പുതുതായി രൂപകല്‍പ്പന ചെയ്ത ഫൈവ് സ്‌പോക്ക് അലോയി വീലുകള്‍ ഒരുക്കിയിട്ടുണ്ട്. പഴയ മോഡലില്‍ മള്‍ട്ടി സ്‌പോക്ക് വീലുകളായിരുന്നു നല്‍കിയിരുന്നത്.

മീറ്റര്‍ കണ്‍സോളില്‍ മാത്രമാണ് ഇന്റീരിയറില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ക്ലെസ്റ്ററിന് പകരം എല്‍ ഇ ഡി സ്‌ക്രീന്‍ നല്‍കിയിട്ടുണ്ട്. ഡ്രൈവറിന്റെ ഇഷ്ടത്തിനനുസരിച്ച് ഡിസ്‌പ്ലേയുടെ നിറം മാറ്റാനുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 5.0 ലിറ്റര്‍ വി8 പെട്രോള്‍ എന്ജിനാണ് മസ്താങ്ങിന് കരുത്ത് പകരുന്നത്. 4951 സിസിയില്‍ 401 ബിഎച്ച്പി പവറും 515 എന്‍എം ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

Top