മഹാരാഷ്ട്ര കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ബാബ സിദ്ദിഖ് പാര്‍ട്ടി അംഗത്വം രാജിവെച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുന്‍ മന്ത്രി ബാബ സിദ്ദിഖ് പാര്‍ട്ടി അംഗത്വം രാജിവെച്ചു. ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാബ സിദ്ദിഖ് പാര്‍ട്ടിയുമായുള്ള 48 വര്‍ഷത്തെ ബന്ധമാണ് ഇതോടെ അവസാനിപ്പിച്ചത്. ‘യാത്ര അതിമനോഹരമായിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലത്’-അദ്ദേഹം പ്രതികരിച്ചു.

നിലവില്‍ മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പാര്‍ലമെന്ററി ബോര്‍ഡിന്റെയും ചെയര്‍പേഴ്സണും സീനിയര്‍ വൈസ് പ്രസിഡന്റുമാണ് ബാബ സിദ്ദിഖ്. 1999, 2004, 2009 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണ എംഎല്‍എ ആയിരുന്ന സിദ്ദിഖ്, 2004ല്‍ സംസ്ഥാന മന്ത്രിയായി(ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തൊഴില്‍, എഫ്ഡിഎ). തുടര്‍ച്ചയായി രണ്ട് തവണ മുനിസിപ്പല്‍ കോര്‍പ്പറേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് .

‘കൗമാരത്തില്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 48 വര്‍ഷം നീണ്ടുനിന്ന അവിസ്മരണീയ യാത്രയാണിത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇന്ന് ഞാന്‍ രാജിവെക്കുന്നു. പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ അവര്‍ പറയുന്നതുപോലെ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലത്. ഈ യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ക്ക് നന്ദി’- ബാബ സിദ്ദിഖ്.

Top