കോണ്‍ഗ്രസ്സില്‍ വന്‍ കലാപക്കൊടി, കെ.സിക്കെതിരെ പ്രതിഷേധം ശക്തം

ഴക്കടല്‍ മത്സ്യബന്ധനകരാര്‍ കത്തിച്ചു നിര്‍ത്താന്‍ രാഹുല്‍ഗാന്ധിയെ കടലില്‍ ചാടിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രചരണ തന്ത്രവും പാഴായതോടെ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിലെ നാല്‍വര്‍ സംഘത്തിനെതിരെ പാര്‍ട്ടിയിലും കലാപക്കൊടി ഉയരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കെതിരെയാണ് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുന്നത്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കേരളത്തില്‍ നിന്നാണെന്ന പ്രചരണത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഇറക്കിയാണ് യു.ഡി.എഫ് താരപ്രചരണം നടത്തിയിരുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഒരിക്കലും നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള താരപ്രചാരകര്‍ ഓരോ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തിയ ചരിത്രമില്ല. ആ ചരിത്രം കൂടിയാണ് ഇത്തവണ അവര്‍ തിരുത്തിയിരിക്കുന്നത്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരികയും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഡി.എം.കെ മുന്നണി ഭരണം പിടിക്കുകയും ചെയ്താല്‍ പാര്‍ട്ടിയെ വിജയിപ്പിക്കുന്ന നേതാവെന്ന പ്രതിഛായയില്‍ രാഹുല്‍ഗാന്ധിക്ക് എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് നാടകീയമായി മടങ്ങിയെത്താമെന്നായിരുന്നു രാഹുല്‍ ക്യാമ്പിന്റെ പ്രതീക്ഷ.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ഗാന്ധിക്ക് വ്യക്തിപരമായി തന്നെ വലിയ പരാജയമാണ് കേരളത്തില്‍ നേരിട്ടിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും രാഹുല്‍ഗാന്ധി മത്സരിച്ചപ്പോള്‍ കേരളത്തിലെ 19 മണ്ഡലങ്ങളും തൂത്തുവാരാന്‍ യു.ഡി.എഫിനു കഴിഞ്ഞിരുന്നു. ഇതേ രീതിയില്‍ രാഹുല്‍ഗാന്ധി പ്രചരണത്തില്‍ സജീവമായാല്‍ ഭരണവും തിരിച്ചുപിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷകളെ എല്ലാം തരിപ്പണമാക്കിയ 99 സീറ്റിന്റെ മിന്നുന്ന വിജയമാണ് ഇടതുപക്ഷത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെ നിഴലാകുകയും രാഹുലിനെ പോലും നിയന്ത്രിക്കുന്ന അധികാര സ്ഥാനമായി വളരുകയും ചെയ്ത കെ.സി വേണുഗോപാലാണ് ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അവസാന വാക്കായി മാറിയിരുന്നത്. ഇഷ്ടക്കാര്‍ക്ക് സീറ്റു നല്‍കിയും എതിര്‍പ്പുള്ളവരെ വെട്ടിനിരത്തിയും ഭരണം ലഭിച്ചാല്‍ ഒരു ടേം മുഖ്യമന്ത്രിസ്ഥാനത്തില്‍ കണ്ണുവെച്ചുള്ള കളിയുമാണ് കെ.സി നടത്തിയിരുന്നത്. കെ.സിക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സ്വീകരിച്ചിരുന്നത്. മുല്ലപ്പള്ളിയെ വടകരയിലോ കണ്ണൂരിലോ മത്സരിപ്പിച്ച് കെ. സുധാകരന് കെ.പി.സി.സി പ്രസിഡവന്റ് സ്ഥാനവും കെ. മുരളീധരന് പ്രചരണ ചുമതലയും നല്‍കാമെന്ന നിര്‍ദ്ദേശങ്ങള്‍ ഹൈക്കമാന്റിലുയര്‍ന്നപ്പോള്‍ ആ നീക്കങ്ങളെ ഒത്ത് ചേര്‍ന്ന് വെട്ടി നിരത്തിയതും കെ.സിയും മുല്ലപ്പള്ളിയും ഒത്തുചേര്‍ന്നാണ്.

ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ എ ഗ്രൂപ്പിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫായ കെ.സി ജോസഫിന്റെ സിറ്റിങ് സീറ്റില്‍ കെ.സിയുടെ നോമിനിയായ സോണി സൊബാസ്റ്റിയനെ വെട്ടിനിരത്തി സജീവ് ജോസഫിനെ മത്സരിപ്പിച്ചതും കെ.സിയുടെ ഒറ്റ പിടിവാശിയിലാണ്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ ഒപ്പം നിര്‍ത്തി കണ്ണൂരിലെ കോണ്‍ഗ്രസിന്റെ കരുത്തനായ കെ. സുധാകരനെതിരെയും കെ.സി പടനയിക്കുകയുണ്ടായി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളെ തട്ടിക്കൂട്ട് സര്‍വെയുടെ പേരില്‍ ജയസാധ്യതയില്ലെന്ന് പറഞ്ഞ് വെട്ടിനിരത്തിയാണ് സ്വന്തം നോമിനികളെ കെ.സി തിരികിക്കയറ്റിയിരുന്നത്.

കല്‍പ്പറ്റയില്‍ ടി. സിദ്ദിഖിനെ വെട്ടാന്‍ കെ.സി കിണഞ്ഞ് ശ്രമിച്ചെങ്കിലും ഉമ്മന്‍ചാണ്ടി ശക്തമായ നിലപാടെടുത്തതോടെ ആ ശ്രമം തല്‍ക്കാലം ഉപേക്ഷിക്കുകയാണുണ്ടായത്. മുന്‍ മുഖ്യമന്ത്രിയായ പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിക്ക് പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാര്യമായ റോളുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കെ.സിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് വീതംവെക്കല്‍ നടത്തിയിരുന്നത്. ഒരു ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുംമുമ്പെ കെ.സിയുമായി ഇടഞ്ഞ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുകഞ്ഞ അസ്വാര്യസ്യം പ്രചരണ ഘട്ടത്തിലും പ്രകടമായിരുന്നു. കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ കേരളമാകെ ഓടിനടന്ന് സംഘടനാസംവിധാനം ചലിപ്പിക്കുന്നതില്‍ മുല്ലപ്പള്ളിയും ഒരു വലിയ പരാജയമായിരുന്നു. അവസാന നിമിഷത്തിലാണ് നേമത്ത് കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍പോലും മുല്ലപ്പള്ളിക്ക് കഴിഞ്ഞിരുന്നില്ല. കെ. സുധാകരനോ മുല്ലപ്പള്ളിയോ പിണറായിക്കെതിരെ മത്സരിച്ചിരുന്നെങ്കില്‍ പ്രചരണരംഗത്ത് അത് യു.ഡി.എഫിന് ആവേശം പകരുമായിരുന്നു എന്നാണ് മുസ്ലീം ലീഗ് നേതൃത്വവും ചൂണ്ടിക്കാട്ടുന്നത്.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും മികച്ച ടീം മാനേജ്‌മെന്റിലൂടെയും പിണറായി ഇടതുപക്ഷത്തെ നയിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നടന്നിരുന്നത് ജയിച്ചാല്‍ ആരു മുഖ്യമന്ത്രിയാകണമെന്ന തര്‍ക്കമായിരുന്നു. ആദ്യ ടേം ഉമ്മന്‍ചാണ്ടിക്കോ ചെന്നിത്തലക്കോ എന്നതിനെ ചൊല്ലിയായിരുന്നു എ ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രധാന തര്‍ക്കം. ഈ തര്‍ക്കം രൂക്ഷമായാല്‍ സമവായത്തില്‍ മുഖ്യമന്ത്രിയാകാനുള്ള കരുക്കളാണ് കെ.സി വേണുഗോപാലും നീക്കിയിരുന്നത്. മുമ്പ് മഹാരാഷ്ട്രയിലടക്കം പരീക്ഷിച്ചപോലെ വിവിധ നേതാക്കള്‍ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് ടേം നിശ്ചയിച്ച് നല്‍കാനുള്ള ഫോര്‍മുലയും അണിയറയില്‍ ഒരുങ്ങിയിരുന്നു. ഈ അധികാര മോഹമാണ് ദയനീയ അവസ്ഥയിലേക്ക് കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.

കെട്ടുറപ്പോടെ പ്രചരണം നയിക്കാനോ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനോ ഉള്ള ഒരു പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വിജയസാധ്യതയുള്ള പല മണ്ഡലങ്ങളിലെയും തോല്‍വിക്ക് കാരണമായത് കോണ്‍ഗ്രസിന്റെ സംഘടനാരംഗത്തെ കഴിവുകേട് തന്നെയാണ്. വി.എം സുധീരന്‍, കെ. സുധാകരന്‍, കെ. മുരളീധരന്‍, ശശി തരൂര്‍, വി.ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള നേതാക്കള്‍ തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരെ വലിയ കലിപ്പിലാണുള്ളത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയെയും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെയും നീക്കണമെന്ന ആവശ്യവും കോണ്‍ഗ്രസിലെ രണ്ടാം നിര നേതൃത്വം ഉയര്‍ത്തുന്നുണ്ട്.പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്, തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വി.ഡി സതീശനെയുമാണ് ഇവര്‍ ഉയര്‍ത്തികാണിക്കുന്നത്.

കേരളത്തിലെ കനത്ത തോല്‍വിയോടെ എ.ഐ.സി.സി സംഘാടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ ഹൈക്കമാന്റിലും പരാതികളുടെ പ്രളയമാണ്. കലാപക്കൊടി ഉയര്‍ത്തിയ 23 മുതിര്‍ന്ന നേതാക്കള്‍ നേരത്തെ തന്നെ കെ.സി വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തരാണ്.

കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല ഭരണം ലഭിക്കുന്നിടത്തുപോലും കനത്ത തിരിച്ചടി നേരിടുന്നതിന് സംഘടനാ ജനറല്‍ സെക്രട്ടറി ഇനി മറുപടി പറയേണ്ടിയും വരും. തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം ലഭിച്ച മധ്യപ്രദേശും കര്‍ണാടകയും കൈവിട്ടുപോയതും വലിയ ഒറ്റകക്ഷിയായിട്ടും ഗോവയില്‍ ഭരണം നഷ്ടപ്പെട്ടതുമെല്ലാം സംഘടനാ ജനറല്‍ സെക്രട്ടറിയുടെ കഴിവുകേടുകൊണ്ടു കൂടിയാണെന്ന വിലയിരുത്തലാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുള്ളത്. കെ.സി വേണുഗോപാലിന്റെ വലയത്തിലാണ് രാഹുല്‍ഗാന്ധി എന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ ശക്തമായിക്കഴിഞ്ഞു. ഇക്കാര്യം മുതിര്‍ന്ന നേതാക്കള്‍ തന്നെ സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. അശോക് ഗെഹ്ലോട്ട് അടക്കമുള്ള പരിചയ സമ്പന്നരും ശക്തരുമായ നേതാക്കള്‍ വഹിച്ച എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടിയില്‍ ഏറെ ജൂനിയറായ കെ.സി വേണുഗോപാലിനെ ഏല്‍പ്പിച്ചതില്‍ ഹൈക്കമാന്റിലും അതൃപ്തി പുകയുകയാണ്. സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാല്‍ എ.ഐ.സി.സി ആസ്ഥാനത്തിരുന്ന് പാര്‍ട്ടി ചുമതലകള്‍ വഹിക്കാതെ മിക്ക സമയത്തും കേരളത്തിലാണ് കറങ്ങി നടക്കുന്നത്. രാഹുല്‍ഗാന്ധി വയനാട്ടിലെത്തുമ്പോള്‍ പ്രസംഗ പരിഭാഷകനായി നിഴലായി ഒപ്പമുണ്ടാകുന്നതും മിക്കപ്പോഴും കെ.സി തന്നെയാണ്.

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു കര്‍മ്മപദ്ധതിയും ഇതുവരെ ആവിഷ്‌ക്കരിക്കാന്‍പോലും കെ.സിക്ക് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി.പി.എം ആരിഫിനെ മത്സരിപ്പിച്ചപ്പോള്‍ പരാജയഭീതികാരണം മത്സരരംഗത്തു നിന്നും ഒളിച്ചോടിയതും ഈ വീരശൂര പരാക്രമിയാണ്. കെ.സിയുടെ ഈ പിന്‍മാറ്റമാണ് ആലപ്പുഴ മണ്ഡലം കൈവിട്ടുപോകാന്‍ കാരണമെന്ന വിലയിരുത്തലും കോണ്‍ഗ്രസ്സിലുണ്ട്. സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള ഭാരിച്ച ജോലിതിരക്കാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കാതിരുന്നതിന് കാരണമായി കെ.സി വേണുഗോപാല്‍ ചൂണ്ടികാട്ടിയിരുന്നത്. എന്നാല്‍ സംഘടനാ ജനറല്‍ സെക്രട്ടറി എന്ന അധികാരം ഉപയോഗിച്ച് രാജസ്ഥാനില്‍ നിന്നും രാജ്യസഭാ എം.പിയാവാന്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നുമില്ല. കെ.സിയുടെ ഈ ചുവടുമാറ്റത്തിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ട്.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടിങിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ചുമതലപ്പെടുത്തിയിട്ടും മഹാരാഷ്ട്രയില്‍ നിന്നടക്കം സഹായം ഒഴുകിയെത്തിയിട്ടും പ്രവര്‍ത്തനത്തില്‍ ഉണര്‍വ് പകര്‍ന്ന് വിജയിക്കാന്‍ കഴിയാത്തതിന് കേരള നേതൃത്വമാകെ ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. കെ.സി മാത്രമല്ല മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എല്ലാം ഇതിനു മറുപടി പറയേണ്ടിവരും.

രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥനില്‍ നിന്നും, കെ.സിയുടെ പടിയിറക്കമായിരിക്കുമോ കേരള തെരഞ്ഞെടുപ്പ് എന്നതും ഇനി കണ്ടറിയേണ്ട കാര്യമാണ്. നേരത്തെ ദിഗ്വിജയ് സിങായിരുന്നു രാഹുലിന്റെ വിശ്വസ്ഥന്‍. യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെയാണ് ദിഗ്വിജയ് സിങ് രാഹുലിന്റെ വിശ്വസ്ഥരുടെ പട്ടികയില്‍ നിന്നും പുറത്തായിരുന്നത്. ആ ചരിത്രം ആവര്‍ത്തിച്ചാല്‍ കെ.സിയും ഇനി പടിക്ക് പുറത്താകും. അത്തരം ഒരു നടപടി കേരളത്തിലെ കോണ്‍ഗ്രസ്സ് അണികളും ഇപ്പോള്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.

Top