സംസ്ഥാന പദവിക്കായി ലഡാക്കില്‍ വന്‍ പ്രതിഷേധം

സംസ്ഥാന പദവിക്കായി ലഡാക്കില്‍ വന്‍ പ്രതിഷേധം. ലേ അപെക്സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലഡാക്കിന്റെ സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ നടപ്പിലാക്കുക, ലേ, കാര്‍ഗില്‍ ജില്ലകള്‍ക്ക് പ്രത്യേക പാര്‍ലമെന്റ് സീറ്റുകള്‍ ഇവ ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.ലഡാക്ക് പൂര്‍ണമായും അടച്ചുപൂട്ടിക്കൊണ്ടായിരുന്നു പ്രതിഷേധം. ചൈന അതിര്‍ത്തിയില്‍ നിന്നും നുബ്ര താഴ്വരയില്‍ നിന്നുമുള്ള ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ലേയിലേക്ക് എത്തിയിരുന്നു. ഈ നാല് ആവശ്യങ്ങളും നടപ്പിലാക്കുന്നത് വരെ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന നിലപാടിലാണിവര്‍. തദ്ദേശീയര്‍ക്ക് സംവരണം വേണമെന്നും ഇവരാവശ്യപ്പെടുന്നു.

കടുത്ത കാലാവസ്ഥാ പ്രതിസന്ധിയെ പോലും അവഗണിച്ചാണ് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. കടകള്‍ അടച്ചിട്ടും ജനങ്ങള്‍ പ്രതിഷേധിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കേന്ദ്രഭരണപ്രദേശമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അനന്തമായി ഉദ്യോഗസ്ഥ ഭരണത്തിന് കീഴില്‍ തുടരാന്‍ കഴിയില്ലെന്നും ജനാധിപത്യ രീതി പുനഃസ്ഥാപിക്കപ്പെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Top