തുര്‍ക്കിയില്‍ വന്‍ ഭൂചലനം; 22പേര്‍ക്ക് പരിക്ക്

ഇസ്താംബൂൾ: തുർക്കിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിൽ 6.1 രേഖപ്പെടുത്തി. 22പേർക്ക് പരിക്കേറ്റതായി തുർക്കി ആരോഗ്യമന്ത്രി ഫറേത്തിൻ കോക്ക ട്വീറ്റ് ചെയ്തു. ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂചലനം ഉണ്ടായപ്പോൾ ഭയന്ന് കെട്ടിടത്തിൽ നിന്ന് ചാടിയ ആൾക്കാണ് ഗുരുതരമായി പരിക്കേറ്റതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ അകലെ ഗൊല്യാക ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇസ്താംബൂളിലും ഭൂചലനം അനുഭവപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗൊല്യാക ജില്ലയിലെ പല മേഖലയിലും വൈദ്യുതി തടസ്സപ്പെട്ടു. അതേസമയം, ഭയപ്പെടേണ്ടതില്ലെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും തുർക്കി അധികൃതർ അറിയിച്ചു.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് തുർക്കി. 2020 നവംബറിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 114 പേർ കൊല്ലപ്പെടുകും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Top