ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം. ജക്കാര്‍ത്തയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ, ജിയോഫിസിക്സ് ഏജന്‍സി ( ബി എം കെ ജി ) അറിയിച്ചു. ഭൂകമ്പത്തില്‍ 44 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 300 ലേറെ പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജൂരില്‍ 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥാ, ജിയോഫിസിക്സ് ഏജന്‍സി ( ബി എം കെ ജി ) അറിയിച്ചു. അതേസമയം സുനാമിക്ക് സാധ്യതയില്ല എന്നും ബി എം കെ ജി വ്യക്തമാക്കി.പലര്‍ക്കും കെട്ടിടാവിഷ്ടങ്ങള്‍ക്കുള്ളില്‍ പെട്ട് സാരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് സിയാന്‍ജൂറിന്റെ അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഹെര്‍മന്‍ സുഹര്‍മാന്‍ ഉദ്ധരിച്ച് മെട്രോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ദുരന്തസാധ്യത കണക്കിലെടുത്ത് ജക്കാര്‍ത്തയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഓഫീസുകള്‍ ഒഴിപ്പിച്ചു.

അതേസമയം തുടര്‍ചലനങ്ങള്‍ ഉണ്ടായാല്‍ ജനങ്ങള്‍ വെളിയിലേക്കിറങ്ങണം എന്നും ഒഴിഞ്ഞ സ്ഥലത്ത് അഭയം പ്രാപിക്കണം എന്നും പാര്‍ലമെന്ററി മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബി എം കെ ജി മേധാവി ദ്വികൊരിത കര്‍ണാവതി പറഞ്ഞു.

Top