തൃശൂരില്‍ വന്‍ ലഹരി വേട്ട; മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍ അപ്പ് അടക്കം അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ രണ്ട് മയക്കുമരുന്ന് കേസുകളിലായി മൂന്നു പേര്‍ അറസ്റ്റില്‍. ഒല്ലൂരില്‍ നിന്ന് എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും സുഹൃത്തായ എന്‍ജിനീയറുമാണ് പിടിയിലായത്. ദേശീയ ഭാരോദ്വഹന ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍ കഴിഞ്ഞിരിക്കുന്ന മുകുന്ദപുരം കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റിബിന്‍ (30) നെ സംശയാസ്പദനിലയില്‍ കണ്ടെത്തിയാണ് ചോദ്യംചെയ്തത്. ഇയാളില്‍ നിന്ന് 4.85 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ 12 ഗ്രാം എം.ഡി.എം.എയുമായി കല്ലൂര്‍ ഭരതദേശത്ത് കളപ്പുരയില്‍ ഷെറിനെ (32) തുടര്‍ന്ന് പിടികൂടി.

ഒല്ലൂര്‍ യുനൈറ്റഡ് വെയിങ് ബ്രിഡ്ജിനടുത്തു ലഹരി വസ്തുക്കള്‍ കൈമാറാനെത്തിയപ്പോഴായിരുന്നു ഇവര്‍ എക്‌സൈസിന്റെ വലയിലായത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

തൃശൂര്‍ നഗരത്തിലും പരിസരത്തും കഞ്ചാവ് വില്‍പ്പനയും മയക്കുമരുന്നുപയോഗവും വ്യാപകമാണെന്ന് പൊലീസ് അറിയിച്ചു. സ്ഥിരം കസ്റ്റമര്‍മാരുള്ളതിനാല്‍ വില്‍പ്പന തടയാനാകുന്നില്ല. യുവാക്കള്‍ മുന്‍കൂട്ടി പേരുകള്‍ നല്‍കിയാണ് ലഹരിമരുന്നുകള്‍ വാങ്ങുന്നതെന്നാണ് എക്സൈസിന് ലഭിക്കുന്ന സൂചന.

Top