വടക്കന്‍ കേരളത്തില്‍ വന്‍ ലഹരി വേട്ട: 7 പേര്‍ അറസ്റ്റില്‍

ടക്കന്‍ കേരളത്തില്‍ മൂന്നിടത്തായി ലക്ഷങ്ങളുടെ ലഹരിമരുന്ന് പിടികൂടി. ഹാഷിഷ് ഓയില്‍, എംഡിഎംഎ എന്നീ മാരക ലഹരി മരുന്നാണ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലം, മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നാണ് മാരക ലഹരി മരുന്ന് പിടികൂടിയത്. ഏഴ് പേരെ അറസ്റ്റ് ചെയ്തു.

കുന്ദമംഗലത്ത് രണ്ട് യുവാക്കളില്‍ നിന്ന് എക്സൈസ് അരക്കിലോഗ്രാമോളം ഹാഷിഷ് ഓയില്‍ പിടികൂടി. പതിവ് വാഹന പരിശോധനക്കിടെയായിരുന്നു പിടികൂടിയത്. വിപണിയില്‍ പത്ത് ലക്ഷത്തിലേറെ രൂപ വിലവരും. കോഴിക്കോട് മായനാട് സ്വദേശി വിനീത്, പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മേഖലയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് വിനീതെന്ന് എക്സൈസ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് മെഡിക്കല്‍ കോളേജിന് സമീപം വെച്ച് പതിനെട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്. വളാഞ്ചേരി സ്വദേശി മുഹമ്മദ് യാസറിനെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളില്‍ വിതരണത്തിന്
എത്തിച്ചതായിരുന്നു ലഹരി മരുന്ന്.

കാസര്‍ഗോഡ് ലഹരി മരുന്നുമായി നാല് യുവാക്കളാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. കീഴൂര്‍ സ്വദേശി മഹിന്‍ ഇജാസ്, ദേളിയിലെ അബ്ദുള്ള ഹനീന്‍, പാക്യാര സ്വദേശി ഷംസീര്‍ അഹമ്മദ്, കളനാടിലെ മുസമ്മില്‍ എന്നിവരെ അറസ്റ്റ് ചെയ്തു. അ‍ഞ്ച് ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Top