സമീപകാലത്തുണ്ടായ വലിയ നഷ്ടം, കശ്മീരില്‍ രണ്ടു സൈനികരുടെ മൃതദേഹം കൂടി കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യാഴാഴ്ച വൈകിട്ട് ഭീകരരുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ കാണാതായ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ (ജെസിഒ) ഉള്‍പ്പെടെ രണ്ടു സൈനികരുടെ മൃതദേഹം കണ്ടെടുത്തു.

ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നു സംശയിക്കുന്ന വനങ്ങളില്‍ ശക്തമായ ആക്രമണം സൈന്യം നടത്തിയതിനു 48 മണിക്കൂറുകള്‍ക്കു ശേഷമാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സുബേദാര്‍ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരാണു മരിച്ചത്. ഇതോടെ, കശ്മീരില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ഒന്‍പതായി.

സമീപകാലത്ത് ഭീകരവിരുദ്ധ ഓപ്പറേഷനിടെ സൈന്യത്തിനുണ്ടായ വലിയ നഷ്ടമാണിതെന്നാണു റിപ്പോര്‍ട്ട്. റൈഫിള്‍മാന്‍മാരായ യോഗാംബര്‍ സിങ്, വിക്രം സിങ് നേഗി എന്നിവര്‍ പൂഞ്ച് -രജൗരി വനങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ നേരത്തേ വീരമൃത്യു വരിച്ചിരുന്നു. സുരക്ഷാ നടപടിയുടെ ഭാഗമായി വ്യാഴാഴ്ച വൈകിട്ടു മുതല്‍ പൂഞ്ച്-ജമ്മു ഹൈവേ അടച്ചു.

Top