ആദിവാസിയെ തല്ലിക്കൊന്നവരെ രക്ഷിക്കുന്നതിന് കൂട്ട മൊഴിമാറ്റം

രെയും പരസ്യമായി തല്ലിക്കൊല്ലാം! പ്രതികൾക്കായി മൊഴി മാറ്റാൻ ദൃക്സാക്ഷികളും റെഡി. കൊല്ലപ്പെട്ടവൻ ആദിവാസിയെങ്കിൽ കേസിലെ സാക്ഷികൾ കൂട്ടത്തോടെയാണ് കൂറുമാറുക ഇങ്ങനെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം സൃഷ്ടിക്കുന്നത് ഉത്തരേന്ത്യയിലല്ല ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിലാണ്. സാക്ഷര കേരളം മനസാക്ഷിയില്ലാത്ത കേരളമായി മാറി കൊണ്ടിരിക്കുന്ന ഈ കാഴ്ച അത്യന്തം അപകടകരമാണ്. രാഷ്ട്രപതിയായി ഒരു ആദിവാസിയെ തിരഞ്ഞെടുത്ത രാജ്യത്ത് നിന്ന് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വരുന്നത് രാജ്യത്തിനു തന്നെ അപമാനമാണ്.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നും കളക്ടറും മന്ത്രിയും ഗവർണറും രാഷ്ട്രപതിയും എല്ലാം ഉണ്ടായതു കൊണ്ടു മാത്രം കാര്യമില്ല. ജനങ്ങളുടെ ചിന്താഗതിയാണ് മാറേണ്ടത്. ആദിവാസികൾ ഉൾപ്പെടെ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തെയും മനുഷ്യരായി കാണാൻ തയ്യാറാകണം. അതിന് തയ്യാറാകാത്തവരാണ് മധുവിനെ തല്ലി കൊന്നിരിക്കുന്നത്. ഇപ്പോൾ പ്രതികളെ രക്ഷിക്കാൻ മൊഴി മാറ്റുന്നവരും അത്തരം ദുഷ്ട ചിന്താഗതിക്കാരാണ്. സാംസ്കാരിക കേരളം ചെറുത്ത് തോൽപ്പിക്കേണ്ട ചിന്താഗതിയാണിത്. അടിച്ചമർത്തലുകളെ ചെറുത്ത് തോൽപ്പിച്ച് ഉയർന്നു വന്ന ഒരു ജനതയുള്ള നാടാണ് കേരളം. ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൻ്റെ മുഖമാണ് വികൃതമാക്കാൻ ഇടവരുത്തുക. കണ്ടത് കണ്ടില്ലന്നു പറയുന്നവർ അതും ഓർത്തുകൊള്ളണം.

2018ഫെബ്രുവരി 22നാണ് മോഷ്ടാവെന്നാരോപിച്ച് ആദിവാസിയായ മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവത്തിൻ്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടത്തിന്റെ മർദ്ദനം. മർദ്ദനത്തിനു ശേഷം അവശനായ മധുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മധുവിൻ്റെ ഭാണ്ഡം പരിശോധിച്ചപ്പോൾ പൊലീസിനു ലഭിച്ചത് കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു.

പഠന കാലത്ത് ഏറെ മിടുക്കനായിരുന്ന മധു, പതിനേഴ് വയസ്സു മുതലാണ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. പിന്നീട് ചിണ്ടക്കിയിലെ വീട്ടിലേയ്ക്ക് പോവാതെയായി. ഒറ്റപ്പെട്ടായിരുന്നു തുടർന്നുള്ള ജീവിതം. പൊട്ടിക്കൽ വനമേഖലയിലെ ഒരു പാറയിടുക്കിലായിരുന്നു മധു താമസിച്ചിരുന്നത്. വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിന് മുക്കാലിയിലെ വ്യാപാരികളും ടാക്സി ഡ്രൈവര്‍മാരുമടങ്ങുന്ന പതിനാറംഗ സംഘം ആള്‍ക്കൂട്ട വിചാരണ നടത്തി ഒരു ദയയുമില്ലാതെ കൊന്നുകളയുകായിരുന്നു മധുവിനെ.

2018 മെയ് മാസത്തിൽ 300 പേജുകളുള്ള കുറ്റപത്രം മണ്ണാർക്കാട്ടെ എസ്︋ സി, എസ്︋ ടി പ്രത്യേക കോടതിയിൽ എത്തി. എന്നാൽ കേസിൽ ഹാജരായ രണ്ട് പ്രോസിക്യൂട്ടർമാർ അലവൻസുകളോ സൗകര്യങ്ങളോ അനുവദിക്കാത്തത് കാരണം പിന്മാറുകയായിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വച്ച് മര്‍ദനത്തിന് നേതൃത്വം നല്‍കിയത് ആറു പ്രതികളാണ്. അതില്‍ ട്രേഡ് യൂണിയൻ നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതിനാല്‍ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്‍റെ ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രത്തിൽ പറയുന്നു. മധുവിന്‍റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

കേസിൽ വിചാരണ തന്നെ നാലു വർഷം വൈകിയാണ് തുടങ്ങിയത്. എന്നാൽ വിചാരണവേളയിൽ സാക്ഷികളെല്ലാം കൂട്ടത്തോടെ കൂറുമാറുകയായിരുന്നു. 122 സാക്ഷികളിൽ 21 പേരെ വിചാരണ ചെയ്തപ്പോൾ 11 പേർ കൂറുമാറി, പ്രതിഭാഗം ചേർന്നത് കേരള സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ് . പൊലീസ് ഭീഷണിപ്പെടുത്തി മൊഴി പറയിച്ചെന്നാണ് സാക്ഷികളെല്ലാം കോടതിയിൽ പറയുന്നത്. അതേസമയം മധുവിനെ ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുപോലും യാതൊരു സങ്കോചവുമില്ലാതെയാണ് ഇവർ കൂറുമാറുന്നത്. കേസിലെ ഔദ്യോഗിക സാക്ഷികളായ വനം ഉദ്യോഗസ്ഥർ പോലും കൂറുമാറിയതോടെ മധുവിന് കിട്ടേണ്ട നീതി അകന്ന് പോകുകയാണോ എന്ന ഭീതിയിലാണ് കേരള സമൂഹം. അതിനിടെ കേസിൽ നിന്ന് പിന്മാറാൻ മധുവിൻ്റെ അമ്മ മല്ലിയെ അബ്ബാസ് എന്നയാൾ ഭീഷണിപ്പെടുത്തിയെന്ന പരാതി ഉയർന്നു. കേസിൽ നിന്നും പിന്മാറിയാൽ 45 ലക്ഷത്തിൻ്റെ വീട് നൽകാമെന്ന് പ്രലോഭനമുണ്ടായതായും പരാതി ഉയർന്നു. ഇതിനു വഴങ്ങാതിരുന്നതോടെ ഇവർക്കെതിരെ വധവഭീഷണിയുമുണ്ടായി.

ഇതുവരെ വിചാരണ നടന്നതിൽ 13-ാംസാക്ഷി മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിരിക്കുന്നത്. കൂട്ട കൂറുമാറ്റത്തിൽ കോടതിയുടെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും സമുഹത്തിൽ നിന്നും ഉയർന്നു വരുന്നുണ്ട്. കൂറുമാറ്റം നടത്തിയ സാക്ഷികളെ വിളിച്ചുവരുത്തി വീണ്ടും വിചാരണ നടത്താൻ സിആർപിസി 311സെക്ഷൻ പ്രകാരം വിചാരണക്കോടതിക്ക് സാധിക്കും. മധുവിൻ്റെ കേസിൽ ഇതിനുള്ള സാഹചര്യവുമുണ്ട്. നിയമത്തിലെ 165-ാം വകുപ്പ് പ്രകാരം വിചാരണ നടത്തുന്ന ജഡ്ജിക്ക് സാക്ഷികളോട് നേരിട്ട് ചോദ്യമുന്നയിക്കുകയും ചെയ്യാം. എന്നാൽ ഇതിന് ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ നിർദ്ദേശം വേണമെന്നുള്ളതാണ് പ്രധാനം.

ഇവിടെയാണ് രാഷ്ട്രപതിയുടെ ഇടപെടൽ മധുവിൻ്റെ കുടുംബം പ്രതീക്ഷിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപതി മുർമുവിന് മധുവിന്റെ കുടുംബം പരാതി നൽകാനാണ് ഉദ്ദേശിക്കുന്നത്. ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്നുവന്ന ദ്രൗപതി മുർമുവിന് പിന്നോക്ക വത്കരിക്കപ്പെട്ടവരുടെ വേദന മനസ്സിലാകുമെന്നുള്ള പ്രതീക്ഷയിലാണ് മധുവിൻ്റെ കുടുംബം. പരാതി രാഷ്ട്രപതി സ്വീകരിച്ചാൽ കൂറുമാറിയവർ കോടതി കയറേണ്ടി വരുമെന്നുള്ള കാര്യം ഉറപ്പാണ്. ഈ കേസിൽ നടന്ന ഭീകരമായ കൂറുമാറ്റങ്ങൾ ഓരോ സാധാരണക്കാരനേയും ആശങ്കപ്പെടുത്തുന്നുണ്ട്. രാഷ്ട്രപതിയുടെ ഇടപെടലുണ്ടായാൽ കൂറുമാറിയവരെ വിചാരണചെയ്യാനുള്ള അവസരമുണ്ടാകുകയും അതുവഴി നീതിപുലരുമെന്ന വിശ്വാസത്തിലുമാണ് മധുവിൻ്റെ ബന്ധുക്കളും.

പോക്‌സോ കേസുകളുടെയുംമറ്റും വിചാരണ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിയമമുണ്ട്. എന്നാല്‍, ആദിവാസികളെ പോലെ സമൂഹത്തില്‍ ഏറ്റവും ദുര്‍ബലരായ മനുഷ്യരോടുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ ഇത്തരം നിബന്ധനകളില്ല. സാക്ഷികളടക്കമുള്ളവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ആവിഷ്‌കരിച്ച വിക്ടിം റൈറ്റ്സ് സെന്റര്‍പോലുള്ള സംവിധാനങ്ങളും ഇത്തരം കേസുകളില്‍ ഫലം കാണുന്നില്ല. 2018-ല്‍ ആവിഷ്‌കരിച്ച വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുമില്ല. കേരള മനസാക്ഷിയെ മുറിവേല്പിച്ച ഇത്തരം ഒരു ക്രൂരത കൺമുന്നിൽ കണ്ടിട്ടും നീതിപീഠത്തിനുമുന്നിൽ കൂറുമാറാൻ കാണിക്കുന്ന നിങ്ങളെ മനുഷ്യരെന്ന് വിളിക്കാൻ പോലും കഴിയുകയില്ല.

റിപ്പോർട്ട് : ചൈതന്യ രമേശ്
അവതരണം : ഷിഹാബ് മൂസ

Top