Mass resignations from RSS in Goa over Subhash Velingkar’s sacking

പനജി : ബിജെപിയെ പാഠം പഠിപ്പിക്കാനൊരുങ്ങി ഗോവയിലെ ഒരു വിഭാഗം ആര്‍എസ്എസ് പ്രവര്‍ത്തകര്‍.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് ഗ്രാന്റ് നല്‍കുന്നതിനെതിരെ ശക്തമായി രംഗത്ത് വന്ന ആര്‍എസ്എസ് ഗോവ ഘടകം മേധാവി സുഭാഷ് വെലിങ്കറുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ബിജെപിക്കെതിരെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

പ്രാദേശിക ഭാഷകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നാവശ്യപ്പെടുന്ന ഈ വിഭാഗം സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്.

ഭാരതിയ ഭാഷ സുരക്ഷമഞ്ചിന്റെ കണ്‍വീനര്‍ കൂടിയായ വെലിങ്കറുടെ അനുയായികള്‍ ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷായെ കരിങ്കൊടി കാട്ടിയ പശ്ചാത്തലത്തില്‍ വെലങ്കറെ ആര്‍എസ്എസ് പുറത്താക്കിയതാണ് സംസ്ഥാനത്തിപ്പോള്‍ ബിജെപിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ ബിജെപിയെ തറപറ്റിക്കാനാണ് ആ വിഭാഗത്തിന്റെ നീക്കം.

സുഭാഷ് വെലിങ്കറെ പുറത്താക്കി 24 മണിക്കൂറിനുള്ളില്‍ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 400 നേതാക്കളാണ് ആര്‍എസ്എസിനോട് ഗുഡ്‌ബൈ പറഞ്ഞത്.

പനജിയിലെ സ്‌കൂള്‍ കോംപ്ലക്‌സില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന യോഗത്തിന് ശേഷമായിരുന്നു രാജി പ്രഖ്യാപനം.

ജില്ലാ യൂണിറ്റ്, ഉപജില്ലാ യൂണിറ്റ്, ശാഖ തുടങ്ങി വിവിധ ഘടകങ്ങളിലെയടക്കം സംഘ് പ്രവര്‍ത്തകരാണ് രാജിവെച്ചത്.

ഇവരുടെ നേതൃത്വത്തില്‍ അനവധിപേര്‍ സംഘടന വിടുമെന്നാണ് അറിയുന്നത്. വെലിങ്കറെ തിരിച്ചെടുക്കുന്നത് വരെ പ്രതിഷേധവും രാജിയും തുടരുവാനും അതല്ലങ്കില്‍ ബദല്‍ സംവിധാനം ഉണ്ടാക്കാനുമാണ് നീക്കം.

വെലങ്കര്‍ക്ക് രാഷ്ട്രീയ കാര്യങ്ങളിലാണ് താല്‍പര്യമെന്നും സംഘ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് ഇങ്ങനെ ചെയ്യാന്‍ കഴിയുന്നതുമല്ലെന്നാണ് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ അഭിപ്രായപ്പെട്ടത്.

പഞ്ചാബിനും ഗുജറാത്തിനും പുറമെ ഗോവയില്‍ കൂടി വലിയ വെല്ലുവിളി ഉയരുന്നത് ഈ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണ് അധികാരത്തിലുള്ളത്.

Top