അദാനി ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവിയിൽ കൂട്ട രാജി

ദില്ലി: അദാനി ​ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവിയിൽ കൂട്ട രാജി. രവീഷ് കുമാറിന് പിന്നാലെ മുതിർന്ന മാധ്യമ പ്രവർത്തകരായ ശ്രീനിവാസ് ജെയിൻ, നിധി റാസ്ദാൻ, എൻഡിടിവി പ്രസിഡന്റ് ആയിരുന്ന സുപർണ സിംഗ് എന്നിവരും രാജി അറിയിച്ചു.

എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി കൈവശമുണ്ടായിരുന്ന ആർആർപിആർ എന്ന കമ്പനി അദാനി ഏറ്റെടുത്തതായിരുന്നു രാജി പരമ്പരയുടെ തുടക്കം. പിന്നാലെ ആർആർപിആറിന്റെ ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയും, രാധിക റോയും രാജി വെച്ചു. എൻഡിടിവി ഓഹരികൾ അദാനിയുടെ കൈകളിലെത്തിയതിൽ അതൃപ്തി അറിയിച്ച് സീനിയർ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന രവീഷ് കുമാർ ആദ്യം രാജി അറിയിച്ചു. ഈ മാസം ആദ്യമാണ് മുതിർന്ന മാധ്യപ്രവർത്തകർ ശ്രീനിവാസ് ജയിൻ, നിധി റാസ്ദാൻ എന്നിവർ എൻഡിടിവി വിടുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്.

ചാനലിന്റെ ഗ്രൂപ്പ് പ്രസിഡന്റ് ആയിരുന്ന സുപർണ സിംഗ്, ചീഫ് സ്ട്രാറ്റജി ഓഫീസർ ആയിരുന്ന അർജിത് ചാറ്റർജി, പ്രോഡക്റ്റ് ഓഫീസർ കവൽജീത് സിംഗ് എന്നിവരും രാജി അറിയിച്ച് കഴിഞ്ഞു. അദാനിക്കെതിരെ ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടുകൾ എൻഡിടിവിയിൽ വാർത്തയാകാത്തത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. റിപ്പോർട്ട് പുറത്ത് വന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് എൻഡിടിവിയിൽ സംഭവം വാർത്തയായത് എന്നായിരുന്നു വിമർശനം. എന്നാൽ രാജി അറിയിച്ച മാധ്യമപ്രവർത്തകരാരും അതിന്റെ കാരണം പരസ്യമാക്കിയിട്ടില്ല. ആർആർപിആറിന്റെ ഓഹരി സ്വന്തമാക്കിയതിന് പിന്നാലെ അദാനി എൻറർപ്രൈസിന്റെ ഭാഗമായ സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവർ ആർആർപിആറിന്റെ ഡയറക്ടറമാരായി ചുമതലയേറ്റു.

നിലവിൽ എൻഡിറ്റിവിയില്‍ 32.26 ശതമാനം ഓഹരികള്‍ ഉള്ള പ്രണോയി റോയിയും രാധിക റോയിയും എൻഡിടിവിയുടെ ഡയറക്ട‍ർ സ്ഥാനത്ത് തുടരുകയാണ്. എൻഡിടിവിയുടെ 64.71 ശതമാനവും അദാനി ഏറ്റെടുത്തതോടെ പ്രണോയ് റോയും രാധിക റോയും ഡയറക്ടർ സ്ഥാനത്ത് നിന്നും ഒഴിഞ്ഞു. നിലവിൽ കമ്പനിയുടെ 2.5 ശതമാനം ഓഹരി മാത്രമാണ് സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവരുടെ പക്കലുള്ളൂ.

Top